പ്രതിമാസ നിക്ഷേപത്തിന് ജി.എസ്.ടി: ഉത്തരവിന് സ്‌റ്റേ

Tuesday 17 February 2026 3:02 AM IST

കൊച്ചി: പ്രാഥമിക സഹകരണ സംഘങ്ങൾ നടത്തുന്ന പ്രതിമാസ നിക്ഷേപ പദ്ധതികൾക്ക് ജി.എസ്.ടി ബാധകമാണെന്നും ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കണമെന്നുമുള്ള ഹൈക്കോടതി മുൻ ഉത്തരവിന് സ്റ്റേ. സ്ഥിരം നിക്ഷേപങ്ങൾ തിരികെ നൽകാൻ ജില്ലാ കളക്ടർമാർക്ക് ചുമതല നൽകണമെന്ന നിർദ്ദേശവും ഇതോടെ സ്റ്റേ ചെയ്തു.

ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ സമർപ്പിച്ച പുനപ്പരിശോധനാ ഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. സ്ഥിരം നിക്ഷേപങ്ങൾ തിരികെ ലഭിക്കണമെന്ന ആവശ്യത്തിൽ നാൽപ്പതോളം അപ്പീൽ തീർപ്പാക്കിയാണ് ഡിവിഷൻ ബഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.

ജി.എസ് ടി ഒഴിവാക്കാനായാണ് ചിട്ടിക്ക് പകരം പ്രതിമാസ നിക്ഷേപ പദ്ധതികൾ (എം.ഡി.എസ്) നടത്തുന്നതെന്ന് വിലയിരുത്തിയാണ് ജി.എസ്.ടി രജിസ്ട്രേഷൻ ബാധകമാക്കിയത്. സഹകരണ ബാങ്കുകൾ നൽകുന്ന അപേക്ഷകളിൽ വായ്പാ കുടിശ്ശികക്കാർക്കെതിരെ റവന്യൂ റിക്കവറി നടപടികളിലൂടെ ജില്ലാ കളക്ടർമാർ തിരിച്ചു പിടിക്കുന്ന തുകകൾ പ്രത്യേക അക്കൗണ്ടുകൾ തുടങ്ങി മുൻഗണനാക്രമത്തിൽ നിക്ഷേപകർക്ക് കളക്ടർമാർ തന്നെ വിതരണം ചെയ്യണമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. അഞ്ച് സഹകരണ ബാങ്കുകൾക്ക് സർക്കാർ ചെലവിൽ ഒരു സെയിൽ ഓഫീസറെ വീതം നിയമിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശങ്ങൾ.

എന്നാൽ ,ആധികാരിക രേഖകളുടെ പിൻബലമില്ലാതെയായിരുന്നു അമിക്കസ് ക്യൂറി റിപ്പോർട്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടർമാർക്ക് പ്രത്യേക അക്കൗണ്ട് തുടങ്ങി നിക്ഷേപം തിരികെ നൽകാൻ ചുമതല നൽകുന്നത് നിയമപരമല്ല. അഞ്ച് സഹകരണ സംഘങ്ങൾക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ സെയിൽ ഓഫീസർമാരെ നിയമിക്കണമെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നും വിശദീകരിച്ചു. തുടർന്നാണ് മുൻ ഉത്തരവ് സ്റ്റേ ചെയ്തത്.

ഇനി വിശദമായ വാദം കേൾക്കും. സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ്, സ്പെഷ്യൽ ഗവ. പ്ലീഡർ പി.പി.താജുദീൻ എന്നിവർ ഹാജരായി.