വനിത കമ്മീഷൻ അവാർഡ് പ്രഖ്യാപിച്ചു

Tuesday 17 February 2026 3:05 AM IST

തിരുവനന്തപുരം: കേരള വനിത കമ്മീഷന്റെ നേതൃത്വത്തിൽ നൽകുന്ന സ്ത്രീശക്തി പുരസ്കാരം പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ ആറ് പേരാണ് പുരസ്കാരത്തിന് അർഹരായത്. സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള ആദ്യ ജഡ്ജിയായി ചുമതലയേൽക്കുന്ന താന്യ നാഥൻ.സി,തെങ്ങു കയറ്റത്തിൽ മാസ്റ്റർ ട്രെയിനറായ സുനി ലീ,ദേശീയ അന്തർ-ദേശീയ തലത്തിൽ കയാക്കിംഗിൽ മെഡലുകൾ നേടിയ ഇ.സ്വാലിഹ,പവർ ലിഫ്റ്ററായ പോസ്റ്റ് വുമൺ സൈനബ എ.പി,ഇന്ത്യയ്ക്കകത്തും പുറത്തും ട്രക്കിഗും ക്ലൈമ്പിഗും ചെയ്യുന്ന പർവതാരോഹക സീന സാറ മജ്നു,ജനവാസ മേഖലയിൽ കണ്ടെത്തിയ രാജവെമ്പാലയെ

6 മിനിറ്റിൽ പിടികൂടിയ റോഷ്നി.ജി.എസ് എന്നിവരാണ് പുരസ്കാര ജേതാക്കൾ.

വനിത കമ്മീഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് നാളെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും.10000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.രാവിലെ 11ന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും.

മാദ്ധ്യമ പുരസ്കാരം,മികച്ച ജാഗ്രത സമിതികൾക്കുള്ള പുരസ്കാരം എന്നിവയും ഇതോടൊപ്പം പ്രഖ്യാപിച്ചു.വനിത കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി അദ്ധ്യക്ഷത വഹിക്കും.ശശി തരൂർ എം.പി,അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ,മേയർ വി.വി.രാജേഷ്,ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി തുടങ്ങിയവർ പങ്കെടുക്കും.