ബ്രാൻഡിക്ക് പേര് : ന്യായീകരിച്ച് സത്യവാങ്മൂലം

Tuesday 17 February 2026 3:11 AM IST

കൊച്ചി: പുതുതായി ഇറക്കുന്ന ബ്രാൻഡിക്ക് ജനങ്ങളിൽ നിന്ന് പേരും ലോഗോയും ക്ഷണിച്ച പൊതുമേഖലാ സ്ഥാപനമായ പാലക്കാട് മലബാർ ഡിസ്റ്റിലറീസിന്റെ നടപടിയെ ന്യായീകരിച്ച് എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുറത്തുവന്നു. ചട്ടലംഘനവും കൃത്യവിലോപവും പ്രതിഫലിപ്പിക്കുന്നതാണ് സത്യവാങ്മൂലത്തിലെ വിവരങ്ങളെന്നും കമ്മിഷണർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹർജിക്കാരിൽ ഒരാളായ കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റ് എം.എം. സഞ്ജീവ് കുമാർ പറഞ്ഞു. മദ്യ ഉപയോഗത്തിന് പ്രേരണയാകുമെന്ന് ചൂണ്ടിക്കാട്ടി മലബാർ ഡിസ്റ്റിലറീസിന്റെ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തതിനു പിന്നാലെയാണ് സത്യവാങ്മൂലം പുറത്തായത്.

മലബാർ ഡിസ്റ്റിലറീസ് ഈ പരസ്യം നൽകുമ്പോൾ പുതിയ ബ്രാൻഡിനുള്ള ലൈസൻസ് പോലും നൽകിയിരുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിലുള്ള ഒരു ലഹരി ഉത്പന്നത്തിന്റെ ഉപഭോഗമോ വിൽപ്പനയോ പ്രോത്സാഹിപ്പിച്ച് പരസ്യം നൽകുന്നതാണ് അബ്കാരി ആക്ട് പ്രകാരം കുറ്റകരമാവുക. നിർദ്ദേശങ്ങൾ ക്ഷണിക്കുന്നതിൽ നിയമലംഘനമില്ല. ആരോപിക്കപ്പെടുന്ന പരസ്യത്തിൽ പുതിയ മദ്യത്തിന്റെ പേരോ ലേബലോ കുപ്പിയോ പ്രദർശിപ്പിച്ചിട്ടില്ല. അതിനാൽ പരസ്യം ചട്ടവിരുദ്ധമല്ല. ഭാവി ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നിയമപ്രകാരം അനുവദനീയമാണെന്നും കമ്മിഷണർ വ്യക്തമാക്കി.

പ്രചാരണ നടപടികളുമായി ബന്ധമില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ നേരത്തേ വിശദീകരിച്ചിരുന്നു.