ലൈംഗികാതിക്രമത്തിലെ പ്രതി കോടതിയിൽപ്പോയി മടങ്ങവേ ബസിൽവച്ച് വീണ്ടും അതിക്രമം
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ കോടതിയിൽ വിചാരണയ്ക്ക് ഹാജരായി മടങ്ങുകയായിരുന്ന മദ്ധ്യവയസ്കൻ കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിന് വീണ്ടും പിടിയിലായി. ഓട്ടോഡ്രൈവറായ ആലപ്പുഴ മാന്നാർ സ്വദേശി സാബുവാണ് (52) അതിക്രമം കാട്ടിയത്.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരുമ്പാവൂർ കോടതിയിലാണ് ഹാജരായത്. എറണാകുളം ഭാഗത്തേക്കുള്ള ബസിൽ മടങ്ങവെ ഇടപ്പള്ളിയിൽവച്ചാണ് ഇടുക്കി തങ്കമണി സ്വദേശിനിയായ യുവതിക്ക് ദുരനുഭവമുണ്ടായത്. യുവതി ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി. യാത്രക്കാരുമായി ബസ് പാലാരിവട്ടം സ്റ്റേഷനിലെത്തി. കണ്ടക്ടറും ഡ്രൈവറും പൊലീസിനെ വിവരം അറിയിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അങ്കമാലി പൊലീസ് രജിസ്റ്റർചെയ്ത കേസിലും ബസ് യാത്രയ്ക്കിടെയായിരുന്നു അതിക്രമമെന്ന് പൊലീസ് പറഞ്ഞു.