കേരള വിസി മോഹൻ  കുന്നുമ്മലിന് തിരിച്ചടി; കോടതിയലക്ഷ്യ ഹർജിയിൽ ഹെെക്കോടതിയിൽ  നേരിട്ട്  ഹാജരാകണം

Tuesday 17 February 2026 2:36 PM IST

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ കേരള യൂണിവേഴ്സിറ്റി വെെസ് ചാൻസിലർ മോഹൻ കുന്നുമ്മൽ നേരിട്ട് ഹെെക്കോടതിയിൽ ഹാജരാകണം. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ കെ എസ് അനിൽ കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. സിൻഡിക്കേറ്റ് തീരുമാനത്തിൽ തുടർനടപടി എടുക്കാത്തതിനാലാണ് ഹർജി നൽകിയത്.

അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കാൻ സിൻഡിക്കേറ്റിനോട് കോടതി നിർദേശിച്ചിരുന്നു. സിൻഡിക്കേറ്റ് തീരുമാനം പുനഃപരിശോധിച്ചെങ്കിലും വിസി തീരുമാനം അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യം ചൂണ്ടികാണിച്ച് അനിൽ കുമാർ ഹെെക്കോടതിയെ സമീപിച്ചത്. വിസിക്കെതിരെ പ്രഥമ ദൃഷ്ടിയാൽ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ഹെെക്കോടതി നിരീക്ഷിച്ചു.

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് അനിൽ കുമാറിന്റെ സസ്‌പെൻഷനിലേക്ക് നീങ്ങിയത്. ഗവർണറായിരുന്നു മുഖ്യാതിഥി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ അവസരമൊരുക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട രജിസ്ട്രാർ ചിത്രം നീക്കണമെന്നും അല്ലെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തുടർന്ന് പരിപാടിക്ക് അനുമതി നിഷേധിച്ചു.

ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഗവർണർ സസ്പെൻഡുചെയ്യാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു. പിന്നാലെ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി സമ‌ർപ്പിച്ചിരുന്നു.