തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

Tuesday 17 February 2026 4:42 PM IST

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്. ആന്റണി രാജു കുറ്റക്കാരനാണെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് ശിക്ഷ മരവിപ്പിച്ചു. കുറ്റക്കാരനെന്ന വിധി മരവിപ്പിക്കാത്തതിനാൽ ആന്റണി രാജുവിനുള്ള അയോഗ്യത തുടരും. അപ്പീലിൽ വിശദമായ വാദം കേട്ട് ഉത്തരവ് വരുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്.

മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രം മാറ്റിയ കേസിൽ ആന്റണി രാജുവിന് മൂന്ന് വർഷം തടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്നു വർഷം തടവ് വിധിച്ചിരുന്നു. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതു കൊണ്ട് അപ്പീലിൽ വിധി വരുന്നതു വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.