അന്യസംസ്ഥാന തൊഴിലാളികൾക്കായി രോഗനിർണയ ക്യാമ്പ്

Tuesday 17 February 2026 4:58 PM IST

മൂവാറ്റുപുഴ: വേനൽ കനത്തതോടെ പകർച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗവും ജനറൽ ആശുപത്രിയും സംയുക്തമായി മാർക്കറ്റ് ബസ് സ്റ്റാൻഡിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി രോഗനിർണയ ക്യാമ്പ് നടത്തി. കാവുംങ്കര മേഖലയിലെ നൂറോളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. കൂടുതൽ പേരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി രാത്രി എട്ടിനാണ് ക്യാമ്പ് ആരംഭിച്ചത്. മലേറിയ, മഞ്ഞപ്പിത്തം, ക്ഷയം, കുഷ്ടരോഗം എന്നിവയുടെ നിർണയമാണ് നടന്നത്. ജില്ല മൊബൈൽ ഇമിഗ്രന്റ് സ്ക്രീനിംഗ് സംഘവും (എം.ഐ.എസ്.ടി) എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ടെക്നീഷ്യന്മാരും ക്യാമ്പിലെത്തി രോഗനിർണയത്തിനായി തൊഴിലാളികളുടെ രക്തസാമ്പിൾ ശേഖരിച്ചു. ഇത് റീജണൽ ലാബിൽ പരിശോധന നടത്തി മൂന്ന് ദിവസത്തിനകം ഫലം മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ടിന് കൈമാറും. ഇവരുടെ മേൽനോട്ടത്തിലാകും തുടർപ്രവർത്തനങ്ങളെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത.പി അറിയിച്ചു. രോഗലക്ഷണം ഉള്ളവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം.അബ്ദുൾ സലാം നേതൃത്വം നൽകി.