ആഭരണം വാങ്ങാന്‍ നല്ല സമയം; ഒറ്റദിവസം കൊണ്ട് വിലയില്‍ വന്ന മാറ്റം, പുതിയ ട്രെന്‍ഡിലേക്ക് സ്വര്‍ണകച്ചവടം

Tuesday 17 February 2026 8:54 PM IST

കേരളത്തിലെ സ്വര്‍ണ വിപണിക്ക് ഇത് ഇറക്കത്തിന്റെ കാലമാണ്. തുടര്‍ച്ചയായി വില കുറയുന്നത് ചൊവ്വാഴ്ചയും തുടര്‍ന്നു. ഫെബ്രുവരി 17ന് ഉച്ചവരെയുള്ള നിലവാരം അനുസരിച്ച് ഒരു ഗ്രാമിന് (22 കാരറ്റ്) വില 65 രൂപ കൂടി കുറഞ്ഞ് 14,135ല്‍ എത്തിയിട്ടുണ്ട്. ഇതോടെ ഒരു പവന്റെ വില 1,13,080 രൂപയാണ്. പണിക്കൂലിയുള്‍പ്പെടെ ജൂവലറികളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ ഒരു പവന് 1.25 ലക്ഷമെങ്കിലും നല്‍കേണ്ടി വരും. ഇന്ന് രണ്ട് തവണ വില കുറഞ്ഞതോടെ ഒരു പവന് 1640 രൂപയാണ് ഇടിഞ്ഞത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വിലയില്‍ തിരുത്തല്‍ നേരിടുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4,950 ഡോളര്‍ നിലവാരത്തിന് താഴെയാണ് രാജ്യാന്തര വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ശതമാനത്തിലധികം നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് വില കുറഞ്ഞതിന് ആനുപാതികമായി 18,14 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ വ്യത്യാസം വന്നിട്ടുണ്ട്.

18 കാരറ്റ് സ്വര്‍ണം | ഗ്രാമിന് 11,615 രൂപ 14 കാരറ്റ് സ്വര്‍ണം | ഗ്രാമിന് 9045 രൂപ 9 കാരറ്റ് സ്വര്‍ണം | ഗ്രാമിന് 5,835 രൂപ

അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്ന 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതിയും ചേര്‍ത്ത് 1,28,400 രൂപയാണ് ജൂവലറികള്‍ ഒരു പവന്‍ സാധനം വില്‍ക്കുമ്പോള്‍ ഈടാക്കുന്ന കുറഞ്ഞ തുക. ഒരു വേള പവന്‍ വില മാത്രം 1.30 ലക്ഷമായി ഉയര്‍ന്ന സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ആഭരണങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല സമയമാണ്.