പിറവത്തൊരു 'മിഥുനം': സംവിധാനം കെ.എസ്.ഇ.ബി!

Wednesday 18 February 2026 1:43 AM IST

പോസ്റ്റ് ഇല്ലെന്ന പേരിൽ വ്യവസായം മുടക്കി വൈദ്യുതി ബോർഡ്

തൃപ്പൂണിത്തുറ: ദാക്ഷായണി ബിസ്‌ക്കറ്റ് കമ്പനി തുടങ്ങാൻ അനുമതിക്കായി പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുന്ന സേതുമാധവനെ മലയാളികൾ മറക്കാനിടയില്ല. ശ്രീനിവാസന്റെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്ത മിഥുനം എന്ന സിനിമയ്‌ക്ക് സമാനമായ കഥ നേരിൽ കാണണമെങ്കിൽ പിറവത്ത് വന്നാൽ മതി.

കുടിവെള്ള കമ്പനി തുറക്കാൻ അഞ്ചു കോടി മുടക്കി സ്ഥാപിച്ച യന്ത്രങ്ങൾക്ക് കറണ്ട് കണക്ഷൻ കിട്ടാൻ കെ.എസ്.ഇ.ബി ഓഫീസ് കയറിയിറങ്ങി ചെരിപ്പ് തേഞ്ഞ കഥ പറഞ്ഞു തരും അമേരിക്കൻ വ്യവസായി കെ.എൻ. പ്രജീവ്.

കെ.എസ്.ഇ.ബി പറഞ്ഞിട്ടുള്ള എല്ലാ നിബന്ധനകൾ പാലിച്ചിട്ടും പറഞ്ഞ തുക കൃത്യമായി അടച്ചിട്ടും മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെട്ടിട്ടും ഉദ്യോഗസ്ഥർ മാത്രം കനിഞ്ഞില്ല. മെഷീനുകളാകട്ടെ പ്രവർത്തിപ്പിക്കാത്തതിനാൽ തുരുമ്പെടുക്കുന്ന അവസ്ഥയിലുമായി.

പ്രജീവ് ഭാര്യ ആര്യ ജയകുമാറിന്റെ പേരിൽ ക്രസ്റ്റ് എന്ന പേരിൽ പിറവത്ത് പുതിയ കുടിവെള്ള കമ്പനി ആരംഭിക്കുന്നതിനായാണ് സർക്കാരിനെ സമീപിച്ചത്. രാജ്യാന്തര നിലവാരമുള്ള കുടിവെള്ളം, കപ്പിനോട് സാദൃശ്യമുള്ള ഒരു കുപ്പി എന്നിവ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിച്ച് ഉത്പാദിപ്പിക്കാനുള്ള പദ്ധതി നാട്ടുകാരായ ഏറെപ്പേർക്ക് തൊഴിൽ നൽകുക കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു. ജർമ്മൻ - യു.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിച്ച് 100% പ്രീമിയം ബ്രാൻഡ് വെള്ളം ഇറക്കുകയായിരുന്നു അമേരിക്കൻ സോഫ്റ്റ്‌വെയർ രംഗത്തുള്ള പ്രജീവിന്റെ ലക്ഷ്യം.

പണം അടച്ച് എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെങ്കിലും 'എ പോൾ" സ്റ്റോക്ക് ഇല്ലാത്തതിനാലാണ് വൈദ്യുതി കണക്ഷൻ നൽകാൻ കഴിയാത്തത്. എത്രയും പെട്ടെന്ന് കണക്ഷൻ നൽകാൻ നടപടി സ്വീകരിക്കും.

കെ.എൻ ഗോപി

കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനിയർ

മൂവാറ്റുപുഴ

കോടികൾ മുടക്കി കുടിവെള്ള കമ്പനി ആരംഭിക്കുവാൻ വൈദ്യുതി ഓഫീസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. സ്വന്തം തൊഴിൽ പോലും നഷ്ടപ്പെടുത്തിക്കൊണ്ട് നാട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട് മൂന്നുമാസമായി.

കെ.എൻ പ്രജീവ്

സംരംഭകൻ