പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ദുരൂഹമരണങ്ങൾ അന്വേഷിക്കുന്നു, പിന്നിൽ തീവ്രവാദ സംഘടനയെന്ന് സൂചന

Friday 18 October 2019 9:41 AM IST

തൃശൂർ: ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരുടെ ദുരൂഹ മരണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കാനൊരുങ്ങുന്നു. 1992-97 കാലത്ത് കേരളത്തിലുണ്ടായ അപകട-ദുരൂഹമരണങ്ങളാണ് ക്രെെംബ്രാഞ്ച് അന്വേഷിക്കുക. പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന അപകടമരണങ്ങൾക്കു പിന്നിൽ തീവ്രവാദസംഘടനയായ ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പങ്കുണ്ടെന്ന സംശയമുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനായുള്ള വിവരശേഖരണം ഉദ്യോഗസ്ഥർ ആരംഭിച്ചു.

കുന്നംകുളം തൊഴിയൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ സുനിലിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതി ജംഇയ്യത്തുൽ ഇസ്ഹാനിയയിലെ മൊയ്‌നുദ്ദീനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1994ൽ നടന്ന കൊലപാതകത്തിൽ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് യഥാർത്ഥ പ്രതി പിടിയിലാവുന്നത്. അതിലെ പ്രതികളെ പിടികൂടി ചോദ്യംചെയ്തതോടെ 1995 ആഗസ്റ്റ് എട്ടിന് പാലൂർ അങ്ങാടിയിലെ പച്ചക്കറിവ്യാപാരിയായിരുന്ന ബി.ജെ.പി. നേതാവ് മോഹനചന്ദ്രനെ കൊലപ്പെടുത്തിയതും ഈ‌ സംഘടനയിലെ അംഗങ്ങളാണെന്ന് തെളിവ് ലഭിച്ചത്. ഇതോടെ മോഹനചന്ദ്രനൻ വധക്കേസ് പുനരന്വേഷണത്തിന് സാദ്ധ്യതയേറി.

ജംഇയ്യത്തുൽ ഇഹ്‌സാനിയ എന്ന സംഘടനയിൽ പ്രവർത്തിച്ചിരുന്നവരാണ് രണ്ട് കൊലപാതകങ്ങൾക്ക് പിന്നിലെന്നും ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചുവെന്നാണ് വിവരം. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.

1992ൽ രൂപം കൊണ്ട ഭീകരവാദ സംഘടനയാണ് ജംഇയ്യത്തുൽ ഇഹ്‌സാനിയ. 1997 ഈ സംഘടനയിലെ മുഖ്യ അംഗമായ സെയ്തലവി അൻവരി ദുബായിലേയ്ക്ക് കടന്നിരുന്നു. അക്കാലത്ത് ഒട്ടനവധി ആർ.സ്.എസ്-ബി.ജെ.പി പ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ടുണ്ട്. 1996 ആഗസ്റ്റിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ കൊലപ്പെടുത്തിയതോടെയാണ് ജംഇയ്യത്തുൽ ഇസ്ഹാനിയയുടെ പങ്ക് പുറത്ത് വന്നത്. ഇതോടെ ഇതിൽ ഉൾപ്പെട്ട ഭീകരവാദികൾ പലരും ഒളിവിൽ പോവുകയും വിദേശത്തേയ്ക്ക് കടക്കുകയും ചെയ്തു.