സെർവർ ഡൗണായി; വെള്ളം കുടിച്ച് പൊലീസ്

Wednesday 18 February 2026 1:51 AM IST

കൊച്ചി: കേരള പൊലീസിന്റെ വെബ് സെർവർ സംവിധാനം തടസപ്പെട്ടത് പൊലീസിനെ വെള്ളം കുടിപ്പിച്ചു. എഫ്.ഐ.ആർ രജിസ്ട്രേഷൻ ഉൾപ്പെടെ പൊലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവർ‌ത്തനങ്ങൾ മണിക്കൂറുകളോളം തടസപ്പെട്ടു. പൊലീസിന്റെ സ്പെഷ്യൽ വിഭാഗങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു.

തിരുവനന്തപുരം ഐ.ടി മിഷനിലാണ് കേരള പൊലീസിന്റെ ഡേറ്റാസെന്ററും വെബ്ബ് സെർവറും സ്ഥിതി ചെയ്യുന്നത്. ഡേറ്റാ സെന്ററിലെ ഹാ‌ർഡ്‌വെയർ‌ തകരാറാണ് പാരയായത്. ഇതോടെ വെബ്ബ് സെർവർ പണിമുടക്കി. സെർവർ ഡൗണായതോടെ കേരള പൊലീസിന്റെ വെബ് ആപ്ലിക്കേഷനായ ഐ കോപ്സും (ഇന്റലിജന്റ് കോപ്സ്) പ്രവർത്തന രഹിതമായി. ഇതോടെയാണ് ജി.ഡി എൻട്രി. എഫ്.ഐ. ആർ രജിസ്ട്രേഷൻ, കോടതികളിലേക്കുള്ള ചാർജ് ഷീറ്റ് സബ്‌മിഷൻ, വിവര ശേഖരണം ഉൾപ്പെടെ ഓൺലൈൻ നടപടികളെല്ലാം സ്തംഭിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ ഡൗണായ സെർവർ ഇന്നലെ രാത്രി എട്ടോടെ പൂർവ സ്ഥിതിയിലാകും വരെ ഇതായിരുന്നു അവസ്ഥ.

ഇന്ത്യയിലെ പൊലീസ് സേനകളെ പരസ്പരം ബന്ധിപ്പിക്കുന്ന ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റത്തിന്റെ ഭാഗമായ ഐ കോപ്സ് പ്ലാറ്റ്ഫോമിലാണ് പൊലീസിന്റെ ഓൺലൈൻ പ്രവർത്തനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഒന്നരലക്ഷത്തോളം കുറ്റവാളികളുടെ ചിത്രങ്ങളുൾപ്പെടെ ഈ സംവിധാനത്തിലുണ്ട്.

എഫ്.ഐ.ആർ രജിസ്ട്രേഷൻ മുടങ്ങിയത് പൊലീസ് സ്റ്റേഷനുകളിൽ പുതിയ കേസുകളെടുക്കുന്നതിനെ ബാധിച്ചു. ഇക്കാര്യം കേരള പൊലീസ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. പകരം സംവിധാനമെന്ന നിലയിൽ ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന രീതിയിൽ എഫ്.ഐ.ആറുകൾ എഴുതി തയ്യാറാക്കാനും തകരാർ പരിഹരിച്ച ശേഷം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാനും എസ്.എച്ച്. ഒമാർക്ക് നിർദ്ദേശം കിട്ടി.

രാത്രിയോടെ തകരാർ പരിഹരിക്കുകയും ഐ കോപ്സ് പ്രവർ‌ത്തനം പുനരാരംഭിക്കുകയും ചെയ്തതോടെയാണ് ആശങ്ക വിട്ടകന്നത്. ഡേറ്റാ സെന്ററിലെ ഒരു ഹാർഡ്‌വെയറിനുണ്ടായ തകരാറാണ് സെർവർ പ്രവർത്തനത്തെയും അതുവഴി വെബ് ആപ്ലിക്കേഷനെയും ബാധിച്ചതെന്നും ഇന്നലെ രാത്രിയോടെ ഐ.ടി വിദഗ്ധർ തകരാർ പരിഹരിച്ചതായും പൊലീസ് അറിയിച്ചു.