ഒരുക്കങ്ങൾ പൂർത്തിയായി: ആറ്റുകാൽ പൊങ്കാല മാർച്ച് മൂന്നിന്
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് 23ന് വൈകിട്ട് 5.30ന് പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും. മാർച്ച് മൂന്നിനാണ് പൊങ്കാല. രാവിലെ 9.45ന് പണ്ടാര അടുപ്പിലേക്ക് തീപകരും. നിവേദ്യം ഉച്ചയ്‌ക്ക് 2.15ന്. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൊങ്കാല ദിവസം ചന്ദ്രഗ്രഹണമായതിനാൽ വൈകിട്ട് 3.10 മുതൽ രാത്രി ഏഴു വരെ നട അടയ്‌ക്കും. അതുകൊണ്ട് താലപ്പൊലി നേർച്ചക്കാർ ഉച്ചയ്ക്ക് 1.30ന് മുമ്പ് ക്ഷേത്രത്തിലെത്തണം. 25ന് കുത്തിയോട്ടം നേർച്ച ആരംഭിക്കും. പണ്ടാരഓട്ടം കൂടാതെ 581 ബാലന്മാരാണ് കുത്തിയോട്ടം നേർച്ചയ്‌ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാർച്ച് നാലിന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം 12.45ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
അംബ, അംബിക, അംബാലിക എന്നീ മൂന്നുവേദികളിലായിട്ടാണ് കലാപരിപാടികൾ. 23ന് രാത്രി എട്ടിന് സൂപ്പർതാരം മോഹൻലാൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ആറ്റുകാൽ അംബാപുരസ്കാരം മോഹൻലാൽ സ്വീകരിക്കും. ക്ഷേത്ര വെബ്സൈറ്റായ www.attukal.orgൽ പൊങ്കാല ദൃശ്യങ്ങൾ ലൈവായി കാണാനാകും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും അംബവേദിയിലെ കലാപരിപാടികളും ലൈവായി കാണാം. ഓൺലൈനിലൂടെ പൂജകളും വഴിപാടുകളും ബുക്ക് ചെയ്യാം. ക്ഷേത്രം നടപന്തലിനു സമീപം ഇൻഫർമേഷൻ കൗണ്ടറും മൊബൈൽ ഫോൺ, ബാഗേജ് എന്നിവ സൗജന്യമായി സൂക്ഷിക്കുന്ന കൗണ്ടറുമുണ്ട്. ട്രസ്റ്ര് ചെയർമാൻ എസ്. വേണുഗോപാൽ, പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത്‌കുമാർ, ട്രഷറർ എ. ഗീതാകുമാരി, വൈസ് പ്രസിഡന്റ് പി.കെ. കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി എ.എസ്. അനുമോദ്, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ എം.എ. അജിത്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.