ഉദ്ഘാടനത്തിനൊരുങ്ങി എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രം,കാത്തിരിപ്പിന് വിരാമം
മല്ലപ്പള്ളി : എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. നബാഡ് സഹാത്തോടെ അനുവദിച്ച 8 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തികളാണ് പുരോഗമിക്കുന്നത്. മൂന്ന് നിലകളിലായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് 1754.43 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മാണം. ഇതിൽ ലോബി, മൈനർ ഓപ്പറേഷൻ തീയറ്റർ,ഒബ്‌സർവേഷൻ മുറി, മൂന്ന് പരിശോധനാമുറി,നേഴ്‌സുമാരുടെ മുറി, ലാബ്, സാംപിൾ ശേഖരണ ഏറിയ, സ്റ്റോർ, ടോയ്ലെറ്റ് മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം, റാംപ്, ലിഫ്റ്റ്,സമ്മേളന ഹാൾ, ഓഫീസ് മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016 ൽ 25 കോടി രൂപയുടെ 8 നിലകളിലുള്ള കെട്ടിട നിർമ്മാണത്തിനായി പദ്ധതി വിഭാവനം ചെയ്തിരുന്നെങ്കിലും സ്ഥലപരിമിതി അപര്യാപ്തമല്ലാത്തതിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടിരുന്നു. തുടർന്ന് 2022 ജൂൺ 16ന് പ്രമോദ് നാരായൺ എം.എൽ.എ സ്ഥലം സന്ദർശിച്ചതോടെ ആറുവർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുക അനുവദിച്ചത്. മൂന്ന് നിലകളിൽ 8 കോടിയുടെ പദ്ധതി വിഭാവനം ചെയ്തത്. തുടക്കത്തിൽ തന്നെ പഴയ നാല് കെട്ടിടങ്ങളിൽ രണ്ടെണ്ണം പൊളിച്ചു നീക്കുന്നതിൽ സാങ്കേതിക തടസം നേരിട്ടിരുന്നു. 2023 ആഗസ്റ്റ് 26നാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
..................
നിലവിൽ
പ്ലംബിംഗ്, വയറിംഗ്, പെയിന്റിംഗ്, വെന്റിലേഷനുകളുടെ പ്രവർത്തികൾ പുരോഗമിക്കുന്നു.
ഫ്‌ളോറിംഗ് ലിഫ്റ്റ്, ഫർണീച്ചർ. കതകുകളുടെ നിർമ്മാണഎന്നിവയാണ് ബാക്കി നിൽക്കുന്നത്. ഫർണിച്ചർ വാങ്ങുന്നതിനായി അടുത്തിടയിൽ 75 ലക്ഷം രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തിലോ മാർച്ച് ആദ്യവാരത്തിലോ ഉദ്ഘാടനം നടത്തുന്നതിനായി 25 ഓളം പണിക്കാരെ ഉൾപ്പെടുത്തിയാണ് നിലവിൽ നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്.
......................
പ്രമോദ് നാരായൺ എം.എൽ.എയുടെ പ്രത്യേക ഇടപെടൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി.
കെ.ടി. മുരളി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്
കമ്മിറ്റി ചെയർമാൻ കോയിപ്രം
ബ്ലോക്ക് പഞ്ചായത്ത്)
.....................
3 നിലകൾ
ആദ്യഘട്ടത്തിൽ 8 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ
1754.43 ചതുരശ്ര മീറ്റർ വിസ്തീർണം