ശബരിമലയിൽ സഹസ്ര കലശാഭിഷേകം

Wednesday 18 February 2026 1:11 AM IST

ശബരിമല: കുംഭമാസ പൂജയുടെ അവസാന ദിനമായ ഇന്നലെ സഹസ്ര കലശാഭിഷേകം നടന്നു. പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഗണപതിഹോമം നടത്തി. നെയ്യഭിഷേകവും അഷ്ടാഭിഷേകവും ഉഷഃപൂജയും പൂർത്തിയാക്കിയ ശേഷമാണ് സഹസ്രകലശാഭിഷേകം നടത്തിയത്.

മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി അഭിഷേകത്തിന് സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് കളഭാഭിഷേകത്തിനും ഉച്ചപൂജയ്ക്കും ശേഷം ഉച്ചയ്ക്ക് 1ന് നടയടച്ചു. വൈകിട്ട് 5ന് നടതുറന്ന് ദീപാരാധനയ്ക്ക് ശേഷം പടിപൂജ നടത്തി. പുഷ്പാഭിഷേകത്തിനും അത്താഴ പൂജയ്ക്കും ശേഷം മേൽശാന്തി അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്ര‌യിലാക്കി. തുടർന്ന് ഹരിവരാസനം പാടി നടയടച്ചു. മീനമാസ പൂജകൾക്കായി മാർച്ച് 14ന് വീണ്ടും നട തുറക്കും. 15 മുതൽ 19വരെയാണ് മീനമാസ പൂജ. പൈങ്കുനി ഉത്ര ഉത്സവത്തിനായ് മാർച്ച് 22ന് നടതുറക്കും. 23നാണ് കൊടിയേറ്റ്.