ഗംഭീർ 'തുടരും', ഒളിമ്പിക്‌സ് വരെ പരിശീലകനായി തുടർന്നേക്കുമെന്ന് സൂചനകൾ, ബിസിസിഐയുടെ ആലോചനകൾ ഇങ്ങനെ

Tuesday 17 February 2026 10:22 PM IST

മുംബയ്: പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് ട്വന്റി20യിൽ സൂപ്പർ എട്ട് പ്രവേശനം നേടിയിരിക്കുകയാണ്. ഇത്തവണയും കപ്പിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഇതിനിടെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ കരാർ തുടർന്നേക്കുമെന്ന് സൂചനകൾ ഇപ്പോൾ പുറത്തുവരികയാണ്. ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2027 ലോകകപ്പ് വരെയുള്ള ഗംഭീറിന്റെ കരാർ 2028 ഒളിമ്പിക്‌സ് വരെ നീളുമെന്നാണ് സൂചനകൾ. 128 വർഷത്തിന് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് മടങ്ങിവരുന്നത് 2028ലാകും. തീരുമാനം പൂർണമായും ഗംഭീറിന്റെ ഇഷ്‌ടമനുസരിച്ചാകും.

ഇതിനിടെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് അവരുടെ സിഇഒയും മെന്ററും പങ്കാളിയുമായി ഗംഭീറിനെ ഒപ്പം ചേർക്കാൻ ശ്രമം നടത്തുന്നുണ്ട്. രാജസ്ഥാന് ഇത്തവണ ഉടമസ്ഥാവകാശത്തിൽ മാറ്റങ്ങൾ വരുത്താനിടയുണ്ടെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഫ്രാഞ്ചൈസി ഉടമകളിലൊരാൾ രണ്ട് മുതൽ മൂന്ന് ശതമാനം ഓഹരി ഗംഭീറിന് വിൽക്കാൻ തയ്യാറായി.

അതേസമയം മൂന്ന് ഐപിഎൽ കിരീടങ്ങൾ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് നേടിക്കൊടുത്തതിൽ മുഖ്യപങ്കുള്ളയാളാണ് ഗംഭീർ. കളിക്കാരനായും മെന്ററായും ഫ്രാഞ്ചൈസിക്കൊപ്പം ഗംഭീർ ഉണ്ടായിരുന്നു. നിലവിൽ ഇന്ത്യൻ ടീം കോച്ചായതിനാൽ രാജസ്ഥാന്റെ ഓഫർ ഗംഭീർ സ്വീകരിക്കാനിടയില്ല എന്നാണ് വിവരം. ലോഥാ കമ്മിറ്റി ശുപാർശകൾ അംഗീകരിച്ച സുപ്രീം കോടതി വിധിപ്രകാരം ഒരാൾ ദേശീയ ടീം പദവി വഹിക്കുമ്പോൾ ഐപിഎൽ ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിയില്ല. ഈ ഓഫർ ഗംഭീർ സ്വീകരിച്ചാൽ ഇന്ത്യൻ പരിശീലക പദവി ഒഴിയേണ്ടിവരും.