വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എം.ഡി.

Wednesday 18 February 2026 12:33 AM IST

തൃശൂർ: കൊച്ചി - കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണെന്ന് കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് വ്യക്തമാക്കി. പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ടില്ല. പാലക്കാട് സ്ഥലം ഏറ്റെടുക്കുന്നതിന് അധിക സമയം വേണ്ടിവന്നു. സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി അടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്.

കിൻഫ്രയും കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻ.ഐ.സി.ഡി.ഐ.ടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപം കൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് (കെ.ഐ.സി.ഡി.സി) പാലക്കാട് സ്മാർട് സിറ്റി പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആലുവയ്ക്കടുത്തുള്ള സ്ഥലം ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വ്യവസായ ഇടനാഴി പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ മറ്റ് നടപടികളിലേക്ക് കടന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.