ഓഡിറ്റ് റിപ്പോർട്ട് പരിഷ്‌കരിക്കും, അയ്യപ്പസംഗമ ചെലവ് 4.99 കോടിയാക്കും, ബോർഡിന് വീഴ്‌ചയുണ്ടായെന്ന് കെ. ജയകുമാർ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പരിഷ്‌കരിച്ച് ഹൈക്കോടതിക്ക് നൽകും. സംഗമത്തിന്റെ ചെലവ് 4.99 കോടി രൂപയായി കുറയ്‌ക്കും. ഓഡിറ്റ് റിപ്പോർട്ടിൽ ദേവസ്വം ബോർഡിന് പിഴവുണ്ടായെന്ന് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.
ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് അന്തിമമല്ല. ഓഡിറ്റർ ചൂണ്ടിക്കാട്ടിയ ന്യൂനതകൾക്ക് മറുപടി നൽകിയില്ല. അത് ദേവസ്വം ബോർഡിന്റെ വീഴ്ചയാണ്. ഓഡിറ്റ് റിപ്പോർട്ടിന് വിശദമായ മറുപടി നൽകും. ഓഡിറ്റിലെ പിശകുകൾ യുദ്ധകാല അടിസ്ഥാനത്തിൽ തിരുത്താൻ ദേവസ്വം കമ്മിഷണർ, ദേവസ്വം ചീഫ് എൻജിനിയർ, അക്കൗണ്ട്സ് ഓഫീസർ എന്നിവരടങ്ങിയ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഓഡിറ്ററുമായി ചർച്ച ചെയ്‌ത് 27ന് മുമ്പ് വ്യക്തത വരുത്തും.
ഭക്ഷണക്കണക്കിലും നന്ദഗോവിന്ദൻ ഭജൻസിന്റെ കാര്യത്തിലും വീഴ്ചയുണ്ട്. ചെലവ് കൂടിയതിലും ബില്ലില്ലാത്തതിലും വിശദ പരിശോധന നടത്തും. ചില ബില്ലുകൾ അംഗീകരിക്കാനാകില്ല. മുൻ ദേവസ്വം ബോർഡ് അയ്യപ്പ സംഗമത്തിന്റെ ചെലവ് 4.99 കോടിയി കണക്കാക്കിയിട്ടുണ്ട്. ഇതിൽ മാറ്റം വരുത്തില്ല.
ചെലവ് കുറച്ചാലും 1.15 കോടി കണ്ടെത്തണം
ബോർഡിൽ നിന്നെടുത്ത മൂന്നു കോടി തിരിച്ചടച്ചു. ജി.എസ്.ടിയുൾപ്പെടെ ഒരു കോടി രൂപ അദാനി ഗ്രൂപ്പ് നൽകാനുണ്ട്. ചെലവ് 4.99 കോടിയായി കുറച്ചാലും 1.15 കോടി വീണ്ടും കണ്ടെത്തണം. സ്‌പോണസർഷിപ്പുകൾ പലതും ലഭിച്ചിട്ടില്ല. ഇതിനുള്ള ശ്രമം തുടരും. ബോർഡിന്റെ ഫണ്ട് അയ്യപ്പ സംഗമത്തിന് ചെലവാക്കിയിട്ടില്ല. 4.99 കോടിയേ നൽകാവൂ എന്ന് ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയായ ഐ.ഐ.ഐ.സിയെ അറിയിച്ചിട്ടുണ്ട്. ഉപകരാർ നൽകിയവരുമായി ഐ.ഐ.ഐ.സി ചർച്ച നടത്തും. ബോർഡുമായി എം.ഒ.യു ഒപ്പിട്ട ശേഷം ഉപകരാർ നൽകിയതിൽ തെറ്റില്ല. ചെലവുകൾ പെരുപ്പിച്ച് കാണിച്ചെന്ന ആക്ഷേപം ബോർഡിനില്ലെന്നും കെ. ജയകുമാർ പറഞ്ഞു.