സ്ഥാനാർത്ഥിത്വം: സി.പി.എം പ്രാരംഭ ചർച്ചകളിലേക്ക്

Wednesday 18 February 2026 12:09 AM IST

□2 ടേം വ്യവസ്ഥയിൽ ഇളവിന് സാദ്ധ്യത

തിരുവനന്തപുരം:മേഖലാ ജാഥകൾ പൂർത്തിയാക്കിയ ശേഷം ,​വെള്ളിയാഴ്ച ചേരുന്ന സമ്പൂർണ്ണ സെക്രട്ടേറിയറ്റിൽ സി.പി.എം നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രാരംഭ ചർച്ച തുടങ്ങും.കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ഉൾപ്പെടുന്നവരടക്കം ഏതെല്ലാം പ്രധാന നേതാക്കൾ മത്സരിക്കണമെന്നതും ചർച്ച ചെയ്യും.

കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ആരെല്ലാം മത്സരിക്കണമെന്നത് സംബന്ധിച്ച് സംസ്ഥാനത്ത് തീരുമാനമെടുക്കാമെന്ന നിർദ്ദേശം കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്.തുടർച്ചയായി രണ്ടു ടേം മത്സരിച്ചവർ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കണമെന്ന വ്യവസ്ഥയിൽ ചില നേതാക്കൾക്ക് ഇളവനുവദിക്കുന്നതും ചർച്ചയാവും. മൂന്നാം ഊഴമെന്ന സ്വപ്ന സദൃശമായ വിജയം ലക്ഷ്യമിടുന്ന സി.പി.എം,​ ഉറപ്പുള്ള സീറ്റുകൾക്ക് പുറമെ വിജയ സാദ്ധ്യതയുള്ള എല്ലാ സീറ്റുകളും ഉറപ്പാക്കാനുള്ള തന്ത്രങ്ങളാവും മെനയുക. മണ്ഡലങ്ങളിൽ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടത്തിയവരും ജനപിന്തുണയുള്ളവരുമായ സിറ്റിംഗ് എം.എൽ.എമാർക്കും ടേം നിബന്ധനയിൽ ഇളവനുവദിച്ചേക്കും.ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം

സി.പി.എമ്മിന് അത്ര ശ്രമകരമല്ല. എങ്കിലും ചില കക്ഷികളുമായി സീറ്റ് വച്ചു മാറാനുള്ള സാദ്ധ്യതയുണ്ട്.

കെ.കെ.ശൈലജ

പേരാവൂരിൽ?

സി.പി.എമ്മിന്റെ തലയെടുപ്പുള്ള വനിതാ മുഖമായ മുൻ മന്ത്രി കെ.കെ.ഷൈലജ പേരാവൂർ മണ്ഡലത്തിൽ മത്സരിക്കാൻ സാദ്ധ്യതയുള്ളതായി അറിയുന്നു. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അവർക്ക് നിർദ്ദേശം ലഭിച്ചതായാണ് സൂചന. 2006-ൽ 9099 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അവർ ഇവിടെ ജയിച്ചിട്ടുള്ളതാണ്. എന്നാൽ 2011ൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് പരാജയപ്പെട്ടു. പിന്നീടുള്ള രണ്ടു തിരഞ്ഞെടുപ്പിലും പേരാവൂരിൽ തുടർച്ചയായി ജയിച്ചു വരുന്നത് ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫാണ്. കെ.പി.സി.സി അദ്ധ്യക്ഷനെതിരെ കരുത്തുറ്റ പോരാട്ടമെന്നതാണ് സി.പി.എം ലക്ഷ്യം. 2016-ൽ കൂത്തുപറമ്പിലും 2021-ൽ 60,​963 വോട്ടുകളുടെ കണ്ണഞ്ചിപ്പിക്കുന്ന ഭൂരിപക്ഷത്തിൽ മട്ടന്നൂരിലുമാണ് ശൈലജ വിജയിച്ചത്.

യു.ഡി.എഫിലെ ഒരു ഘടകകക്ഷിയുടെ രണ്ട് ട്രേഡ് യൂണിയൻ നേതാക്കൾ സി.ഐ.ടി.യുവിന്റെ മുതിർന്ന നേതാവുമായി ഒന്നിലധികം തവണ ആശയ വിനിമയം നടത്തിയതായി അറിയുന്നു. പാർട്ടിയുടെ മുൻനിര നേതാക്കളുടെ ശൈലിയുമായി പൊരുത്തപ്പെടാത്തവരാണ് ഇരുവരും. ചർച്ച ഫലം കണ്ടാൽ എൽ.ഡി.എഫിലും പ്രതീക്ഷിക്കാം വിസ്മയം.