ബാറുകളുടെ പ്രവർത്തന സമയം രണ്ട് മണിക്കൂർ കൂടി കൂട്ടി

Wednesday 18 February 2026 1:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം രണ്ട് മണിക്കൂർ കൂടി വർദ്ധപ്പിച്ചു. രാവിലെ 10 മുതൽ രാത്രി 12 വരെയാണ് പുതിയ സമയക്രമം. ഇതിന്റെ ഉത്തരവ് നികുതി വകുപ്പ് ഇന്നലെ പുറത്തിറക്കി. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്. അതേസമയം,ക്ളബുകളുടെ സമയക്രമത്തിൽ മാറ്റമില്ല.

ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവർത്തന സമയം 10 മുതൽ രാത്രി 12 വരെയാണ്. 89 ഓളം ടൂറിസം കേന്ദ്രങ്ങളാണ് നേരത്തെ കണ്ടെത്തിയിട്ടുള്ളത്. 100 ഓളം ബാറുകളാണ് ഈ മേഖലകളിലുള്ളത്. എന്നാൽ,ബാറുകൾക്കാവട്ടെ ഈ സമയക്രം കിട്ടുന്നുമില്ല. ഇത് ഒഴിവാക്കാനാണ് പുതിയ തീരുമാനം. ബാറുടമകളുടെ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ,ബെവ്കോ,കൺസ്യൂമർഫെഡ് ചില്ലറ വില്പനശാലകളുടെ സമയം നീട്ടുന്നില്ല. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് ചില്ലറ വില്പന ശാലകൾ പ്രവർത്തിക്കുന്നത്. വിനോദ സഞ്ചാര മേഖലയിലെ ഫൈവ് സ്റ്റാർ ബാറുകൾക്ക് പുലർച്ചെ മൂന്ന് വരെ അധിക ഫീസ് ഈടാക്കി പ്രവർത്തനാനുമതി നൽകും. അഞ്ച് ലക്ഷം രൂപയാണ് അധികം നൽകേണ്ട വാർഷിക ഫീസ്.