അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന് മൂന്നാം തവണയും സ്വരാജ് ട്രോഫി
കോന്നി: സംസ്ഥാനത്ത് 2024-25 സാമ്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി അവാർഡ് ജില്ലയിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മൂന്നാം തവണയും കരസ്ഥമാക്കി. 20 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് നേടിയത്.
സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിന് പുറമേ, നൂതന പദ്ധതികളുടെ നടത്തിപ്പ്, അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലെ പുരോഗതി, സംസ്ഥാന - കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം, മാലിന്യ സംസ്‌കരണം തുടങ്ങിയവയും പ്രധാന മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടിരുന്നു.
സംസ്ഥാനത്തെ ആദ്യത്തെ കർഷക കഫെ, ആയുർവേദ പഞ്ചകർമ്മ സെന്റർ, വയോജന ക്ലബുകൾ, ഫ്രൂട്ട് വില്ലേജ് പദ്ധതി, ന്യൂട്രി ട്രൈബ് പദ്ധതി, സന്തോഷയാനം, കൂടാതെ മുട്ട, പാൽ എന്നിവയുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതികൾ, അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഉൾപ്പെടുത്തിയ പദ്ധതികൾ എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു. ലൈഫ് ഭവനപദ്ധതിയിൽ 250 ലധികം വീടുകളുടെ നിർമ്മാണം കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തീകരിച്ചതും നേട്ടമായി.
പ്രവർത്തന നേട്ടം 100 %
ഹരിതകർമ്മ സേനയുടെ സഹായത്തോടെ ക്ലീൻ അരുവാപ്പുലം പദ്ധതി ലക്ഷ്യം കൈവരിക്കുന്നു
എല്ലാ വീട്ടിലും ബയോബിൻ പദ്ധതി
എല്ലാ വാർഡിലും മിനി എം.സി.എഫ്
പഞ്ചായത്ത് കേന്ദ്രീകരിച്ച് 30 ലക്ഷം രൂപ മുടക്കി കേന്ദ്രീകൃത എം.സി.എഫ്
സ്മാർട്ട് അങ്കണവാടികളുടെ ആദ്യഘട്ടം പൂർത്തീകരിച്ചു
കെട്ടിട നികുതി, ലൈസൻസ് ഫീസ്, തൊഴിൽ നികുതി എന്നിവ നൂറ് ശതമാനം പിരിച്ചെടുത്തു
ആദ്യ സ്വരാജ് ട്രോഫിയുടെ പ്രൈസ് മണിയായ 20 ലക്ഷം രൂപ ചെലവഴിച്ച് ഗുരു നിത്യചൈതന്യയതിക്ക് ജന്മനാടായ അരുവാപ്പുലത്ത് സ്മാരകവും അന്താരാഷ്ട്ര പഠനഗവേഷണ കേന്ദ്രവും നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങി.
അരുവാപ്പുലം
ഗ്രാമപഞ്ചായത്ത് അധികൃതർ