ലങ്കയിലെ പെരുമഴയിൽ ഓസീസ് ഒലിച്ചുപോയി
ലോകകപ്പിൽ സിംബാബ്‌വേ-അയർലാൻഡ് മത്സരം മഴയെടുത്തു
ഇതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് സൂപ്പർ എട്ട് കാണാതെ ഓസ്ട്രേലിയ പുറത്ത്
ബി ഗ്രൂപ്പിൽ നിന്ന് ശ്രീലങ്കയും സിംബാബ്‌വേയും സൂപ്പർ എട്ടിൽ
പല്ലക്കിലെ : ഇന്നലെ ശ്രീലങ്കയിലെ പല്ലക്കിലെ സ്റ്റേഡിയത്തിൽ സിംബാബ്‌വേയും അയർലാൻഡും തമ്മിലുള്ള മത്സരം ഒരു പന്തുപോലുമെറിയാൻ സമ്മതിക്കാതെ പെരുമഴ പെയ്തിറങ്ങിയപ്പോൾ ഈ ലോകകപ്പിൽ നിന്ന് ഒലിച്ചുപോയത് മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ്. ഗ്രൂപ്പ് ബിയിൽ ആറുപോയിന്റുമായി ശ്രീലങ്കയും അഞ്ചുപോയിന്റുമായി സിംബാബ്‌വേയും സൂപ്പർ എട്ടുറപ്പിച്ചപ്പോൾ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും തോറ്റ ഓസ്ട്രേലിയ മൂന്നാം സ്ഥാനക്കാരായി പുറത്താകൽ ഉറപ്പിക്കുകയായിരുന്നു.
ആദ്യമത്സരത്തിൽ അയർലാൻഡിനെ തോൽപ്പിച്ച ഓസ്ട്രേലിയയെ രണ്ടാം മത്സരത്തിൽ സിംബാബ്‌വേ 23 റൺസിന് അട്ടിമറിച്ചിരുന്നു. കഴിഞ്ഞമത്സരത്തിൽ ശ്രീലങ്കയോട് എട്ടുവിക്കറ്റിന് തോൽക്കുകകൂടി ചെയ്തതാണ് കംഗാരുക്കൾ പ്രാഥമിക റൗണ്ടിൽതന്നെ സഞ്ചിയിലാകാൻ കാരണം. ഓസീസിന് സൂപ്പർ എട്ടിലെത്താൻ എന്തെങ്കിലും സാദ്ധ്യത ഉണ്ടാകണമായിരുന്നുവെങ്കിൽ അയർലാൻഡ് സിംബാബ്‌വേയെ തോൽപ്പിക്കണമായിരുന്നു. അതിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഓസീസ് ആരാധകരുടെ നെഞ്ചിലേക്കാണ് പല്ലക്കിലെയിലെ പെരുമഴ പെയ്തിറങ്ങിയത്.ഇതോടെ അയർലാൻഡും സിംബാബ്‌വേയും ഓരോ പോയിന്റ് പങ്കുവച്ചു. സിംബാബ്‌വേയ്ക്ക് ഇനി ശ്രീലങ്കയുമായി ഒരു മത്സരം ബാക്കിയുണ്ട്. ഓസ്ട്രേലിയയ്ക്ക് വെള്ളിയാഴ്ച ഒമാനെതിരായ നിഷ്ഫലമായ മത്സരമാണ് ശേഷിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഓസീസ് ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. 2009ൽ ശ്രീലങ്കയോടും വിൻഡീസിനോടും തോറ്റായിരുന്നു പുറത്താകൽ.
സിംബാബ്‌വേ ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുന്നതും ഇത് രണ്ടാം തവണ. 2022ൽ അവർ സൂപ്പർ 12 റൗണ്ടിലെത്തിയിരുന്നു,
ഒഴിവായത് ഇന്ത്യ - ഓസീസ് പോരാട്ടം
ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഓസീസ് സൂപ്പർ എട്ടിലേക്ക് എത്തിയിരുന്നെങ്കിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടമാണ് ഇന്നലത്തെ മഴയിൽ അലിഞ്ഞില്ലാതായത്. സൂപ്പർ എട്ടിൽ സിംബാബ്‌വേ,ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് ടീമുകളെയാണ് ഇന്ത്യ നേരിടേണ്ടത്.
സൂപ്പർ എട്ടിലെ ഇന്ത്യയുടെ കളികൾ
ഫെബ്രുവരി 22 ഞായർ
Vs ദക്ഷിണാഫ്രിക്ക
ഫെബ്രുവരി 26 വ്യാഴം
Vs സിംബാബ്‌വേ
മാർച്ച് 1 ഞായർ
Vs വെസ്റ്റ് ഇൻഡീസ്