കാനഡയ്ക്കുണ്ടൊരു സെഞ്ച്വറി വീരൻ യുവ്‌രാജ് സിംഗ്
ഇന്നലെ ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടിയ കാനഡയുടെ ഇന്ത്യൻ വംശജനായ താരം യുവ്‌രാജ് സിംഗ് കേരള കൗമുദിയുമായി സംസാരിക്കുന്നു
2006 സെപ്തംബർ 29ന് തനിക്കൊരു മകൻ ജനിച്ചപ്പോൾ കാനഡയിൽ താമസിക്കുന്ന പഞ്ചാബിയായ സമ്രയ്ക്ക് മുന്നിൽ അവനിടാൻ ഒറ്റപ്പേരേ ഉണ്ടായിരുന്നുള്ളൂ; യുവ്‌രാജ് സിംഗ്. ഇടംകൈകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ ഇതിഹാസമെഴുതിയ പഞ്ചാബുകാരനായ യുവ്‌രാജ് സിംഗിന്റെ പേര്. യുവ്‌രാജിനോട് അത്രത്തോളം ഭ്രാന്തമായ ആരാധനയായിരുന്നു തന്റെ അച്ഛനെന്ന് ഇന്നലെ ന്യൂസിലാൻഡിന് എതിരായ തകർപ്പൻ സെഞ്ച്വറിക്ക് ശേഷം കേരള കൗമുദിയുമായി സംസാരിക്കവേ കാനഡ ടീമിലെ പുത്തൻ സെൻസേഷൻ,19കാരനായ ഇടം കയ്യൻ ബാറ്റർ യുവ്‌രാജ് സിംഗ് സമ്ര പറഞ്ഞു.
'' സാക്ഷാൽ യുവ്‌രാജ് സിംഗിന്റെ 2007 ലോകകപ്പിലെ ആറ് സിക്സുകളും 2011 ലോകകപ്പിലെ ആൾറൗണ്ട് വിസ്മയവും ഒക്കെക്കണ്ട് ആവേശംപൂണ്ടാണ് അച്ഛൻ ക്രിക്കറ്റ് പരിശീലനത്തിന് വിട്ടത്. യുവ്‌രാജിനെപ്പോലെ ആകാൻ വേണ്ടി ചെറുപ്പത്തിലേ ഇടംകൈകൊണ്ട് ബാറ്റ് ചെയ്യാൻ പരിശീലിച്ചു. പതിയെ അതൊരു ശീലമായി മാറി.ഇപ്പോൾ അദ്ദേഹത്തിന്റെ ജന്മനാടായ ഇന്ത്യയിലെത്തി സെഞ്ച്വറി നേടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്."" -യുവ്‌രാജ് സമ്ര പറഞ്ഞു.
ടൊറന്റോയിലാണ് സമ്രയും കുടുംബവും താമസിക്കുന്നത്. ജൂനിയർ തലത്തിൽ മികച്ച പ്രകടനം നടത്തി മുന്നേറിയ യുവ്‌രാജ് 2025 മാർച്ചിലാണ് കനേഡിയൻ ദേശീയ ടീമിൽ എത്തുന്നത്. ഇതിനകം എട്ട് ഏകദിനങ്ങളിലും 19 ട്വന്റി-20കളിലും കാനഡയെ പ്രതിനിധീകരിച്ചു. ട്വന്റി-20യിൽ മൂന്ന് അർദ്ധസെഞ്ച്വറികളും നേടിയിട്ടുണ്ട്. വാൻകൂവർ നൈറ്റ്സിന് വേണ്ടി ക്ളബ് ലീഗിൽ കളിക്കുന്ന യുവ്‌രാജ് സമ്ര ട്വന്റി-20 ഫോർമാറ്റിൽ ഇരട്ടസെഞ്ച്വറിയും നേടിയിട്ടുണ്ട്.
തന്റെ ബാറ്റിംഗ് ശൈലിയെ യുവ്‌രാജ് സിംഗിന്റേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും സന്തോഷം അച്ഛനാണെന്ന് യുവ്‌രാജ് സമ്ര പറയുന്നു. കഴിഞ്ഞ വർഷം കാനഡയിലെത്തിയ സാക്ഷാൽ യുവ്‌രാജിനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതാണ് അച്ഛന്റെ ജീവിതത്തിലെ സുന്ദരമായ മുഹൂർത്തമെന്നും ഈ 19കാരൻ പറയുന്നു. ഇന്നലെ കളികാണാൻ യുവ്‌രാജിന്റെ അമ്മ ചെന്നൈയിലെത്തിയിരുന്നു. ജോലിത്തിരക്ക് കാരണം അച്ഛന് എത്താനായില്ല. ലോകകപ്പ് കഴിഞ്ഞ് രണ്ടാഴ്ച പഞ്ചാബിലെ ബന്ധുക്കൾക്ക് ഒപ്പം ചെലവിട്ടശേഷമേ യുവ്‌രാജ് കാനഡയ്ക്ക് തിരിച്ചുപോകുന്നുള്ളൂ.ടൊറന്റോയിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് ഈ 19കാരൻ.
ഐ.പി.എല്ലിൽ കളിക്കണം
ഐ.പി.എല്ലിൽ കളിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ മോഹമെന്ന് യുവ്‌രാജ് പറയുന്നു. ഇന്നലത്തെ സെഞ്ച്വറിക്ക് ശേഷം ഡൽഹി ക്യാപ്പിറ്റൽസ്, പഞ്ചാബ് കിംഗ്സ് ടീമുകളിൽ നിന്ന് അന്വേഷണമെത്തിയിട്ടുണ്ട്. ഈ സീസണിൽ ഇല്ലെങ്കിൽ അടുത്ത സീസണിലെങ്കിലും ഐ.പി.എല്ലിലെത്താൻ മികച്ച പ്രകടനം തുടരുമെന്നാണ് യുവ്‌രാജ് പറയുന്നത്.
കൂട്ട് ജോജി വർഗീസ്
കാനഡ ടീമിന്റെ മലയാളിയായ ഫിസിയോ തെറാപ്പിസ്റ്റ് ജോജി വർഗീസുമായി വലിയ സൗഹൃദത്തിലാണ് യുവ്‌രാജ്. എത്ര നേരം വേണമെങ്കിലും പരിശീലിക്കാൻ ഒരു മടിയുമില്ലാത്ത താരമാണ് യുവ്‌രാജെന്ന് ജോജി പറയുന്നു. ഇരുവരും ടൊറന്റോയിൽ അടുത്തടുത്താണ് താമസവും. വീട്ടിൽ പഞ്ചാബിയും ഹിന്ദിയും സംസാരിക്കണമെന്ന് നിർബന്ധമുള്ളതിനാൽ പരസ്പരം ജോജിയുമായുള്ള ആശയവിനിമയത്തിനും ഹിന്ദിയാണ് യുവ്‌രാജിന് പ്രിയം. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ് ജോജി വർഗീസ്.