വിഴിഞ്ഞത്തെ ഹോട്ടലിലെ ഭക്ഷണം, കുടുംബത്തിലെ 2 പേർ മരിച്ചു

Wednesday 18 February 2026 2:04 AM IST

കടയ്ക്കൽ/തിരുവനന്തപുരം: വിഴിഞ്ഞത്തെ 'അസ്‌‌മാക്" ഹോട്ടലിൽ നിന്നു രാത്രി ഭക്ഷണം കഴിച്ച് കാറിൽ മടങ്ങവേ ശാരീരികാസ്വാസ്ഥ്യമുണ്ടായ അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. കൊല്ലം നിലമേൽ പ്ലാച്ചിയോട് കുന്നിൽവീട്ടിൽ റഷീദബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഭക്ഷ്യവിഷബാധയെന്ന് സംശയം. എന്നാൽ, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇത് പൂർണമായും സ്ഥിരീകരിക്കുന്നില്ല. ആന്തരികാവയങ്ങളുടെ സാമ്പിൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു. ഹോട്ടൽ പൊലീസ് അടപ്പിച്ചു. ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി.

ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ഷാജി- സജിമോൾ ദമ്പതികളുടെ മക്കളായ ഷിജിൻ (16), ഷാൻ (10), സുഹൃത്ത് തിരുനെൽവേലി സ്വദേശി കണ്ണൻ എന്നിവർക്ക് ആരോഗ്യപ്രശ്നങ്ങളില്ല. കണവത്തോരൻ, കൊഞ്ച്ഫ്രൈ, കല്ലുമേക്കായത്തോരൻ, മീൻമുട്ട, കപ്പ, പെറോട്ട, അപ്പം തുടങ്ങിയവയാണ് കഴിച്ചത്. ഷാജിയും റഷീദബീവിയും സജിമോളും മാത്രമേ കൊഞ്ച് കഴിച്ചുള്ളൂ.

പാരിപ്പള്ളി മെഡി.കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ റഷീദയുടെ ആമാശയത്തിൽ മീൻമുട്ടയുടെ അംശങ്ങൾ കണ്ടെത്തി. മുൻപ് മൂന്നുതവണ ഈ ഹോട്ടലിൽ വന്നിട്ടുള്ള കണ്ണനെ കുടുംബം ഒപ്പംകൂട്ടുകയായിരുന്നു. നിലമേലിൽ ചായക്കടകൾ നടത്തുകയായിരുന്നു റഷീദയും സജിമോളും. നിലമേലുള്ള ബാറിലെ ജീവനക്കാരനാണ് ഷാജി. റഷീദയുടെയും ഷാജിയുടെയും മൃതദേഹം നിലമേൽ കണ്ണങ്കോട് ജമാഅത്ത് ഖബർസ്ഥാനിൽ കബറടക്കി. ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കാറിൽ വച്ച് ഛർദ്ദിൽ

കാറിൽ നിലമേൽ നിന്ന് രാത്രി വിഴിഞ്ഞത്തിയ കുടുംബം ഭക്ഷണം കഴിച്ച് 11.45ന് ഹോട്ടലിൽ നിന്നിറങ്ങി. തിരുവല്ലം പിന്നിട്ടതോടെ റഷീദയ്ക്ക് കടുത്ത തലവേദനയുണ്ടായി. തട്ടുകടയിൽ നിറുത്തി കട്ടൻചായ കുടിച്ച് കാറിൽ കയറിയതിന് പിന്നാലെ ഛർദ്ദിച്ചു. കാർ ഓടിച്ചിരുന്ന ഷാജിക്കും ഛർദ്ദിലുണ്ടായി. ഇതോടെ കാർ ഓടിക്കാൻ വയ്യാതായി. മറ്റാർക്കും ഡ്രൈവിംഗ് വശമില്ലാത്തതിനാൽ കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം ഒരു യുവാവ് ഇവരെ നിലമേലിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ സജിമോളും അവശയായി. മൂവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് റഷീദയെ പാരിപ്പള്ളി മെഡി. കോളേജിലേക്ക് ഇന്നലെ പുലർച്ചെ മൂന്നോടെ എത്തിച്ചപ്പോഴേക്കും മരിച്ചു. ഷാജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയും മരിച്ചു.