ബി.ജെ.പിയുടെ പ്രമുഖർ തലസ്ഥാനത്ത് മത്സരിക്കും

Wednesday 18 February 2026 12:08 AM IST

 ശ്രീലേഖയ്ക്ക് സീറ്റ് നൽകിയേക്കും

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ പ്രമുഖ സ്ഥാനാർത്ഥികൾ തലസ്ഥാന ജില്ലയിൽ മത്സരിക്കും. ഇന്നലെ മാരാർജി ഭവനിൽ ചേർന്ന ബി.ജെ.പി സംസ്ഥാന ഇലക്ഷൻ കമ്മിറ്റിയാണ് സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച പ്രാഥമിക ചർച്ച നടത്തിയത്.

രാജീവ് ചന്ദ്രശേഖറിന് പുറമെ വി.മുരളീധരൻ,​ പി.കെ.കൃഷ്ണദാസ്,​​ ആർ. ശ്രീലേഖ തുടങ്ങിയവരും തിരുവനന്തപുരം ജില്ലയിൽ ജനവിധി തേടും. എൻ.ഡി.എയിലേക്ക് അടുത്തിടെ എത്തിയ ട്വന്റി ട്വന്റിക്ക് എറണാകുളത്ത് കൂടുതൽ സീറ്റുകൾ നൽകാൻ ധാരണയായിട്ടുണ്ട്. മറ്റൊരു പ്രധാന നേതാവായ ശോഭാസുരേന്ദ്രൻ ആലപ്പുഴ ജില്ലയിൽ മത്സരിക്കും. കായംകുളമോ അരൂരോ നൽകും. തിരവനന്തപുരം ജില്ലയിലെ ഒരു മണ്ഡലവും അവർക്ക് താത്പര്യ​മുണ്ട്

മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസുമായി അടുത്ത ദിവസം തന്നെ ധാരണയിലെത്തും. 40 സീറ്റുകളാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30 സീറ്റിലാണ് അവർ മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചില സീറ്റുകൾ മാറികിട്ടണമെന്ന ആവശ്യം നേരത്തെ ബി.ഡി.ജെ.എസ് ഉന്നയിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസിന്റെ സീറ്റുകളിൽ കൂടി ധാരണയായ ശേഷമെ മറ്റു പല നേതാക്കളും മത്സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തിൽ വ്യക്തത വരൂ.

ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷന്മാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാരിൽ ചിലർ, മുതിർന്ന മറ്റു നേതാക്കൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.