സർവേ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ
നവകേരള സർവേയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന് ഹൈക്കോടതി അടിവരയിട്ടിരിക്കുകയാണ്. സർവേയുടെ പേരിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നൽകാൻ ശ്രമിച്ചത് ഖജനാവിലെ പണമാണ്. സി.പി.എമ്മുകാരെയും ഡി.വൈ.എഫ്.ഐക്കാരെയും ഉപയോഗിച്ച് സർവേ നടത്തി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനും സർക്കാർ അവകാശപ്പെടുന്ന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും നടത്തിയ ശ്രമമാണ് നവകേരള സർവേ. -വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്
സർക്കാരിനേറ്റ അടി നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടി സർക്കാരിന്റെ കരണത്തേറ്റ അടിയാണ്. ഹൈക്കോടതി കാര്യങ്ങളെ സത്യസന്ധമായി വിലയിരുത്തുന്നു എന്നതിന് തെളിവാണ് ഈ നടപടി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ഉദ്യോഗസ്ഥരെ പാർട്ടിക്ക് വേണ്ടി പണിയെടുപ്പിക്കുന്ന നാണംകെട്ട പരിപാടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. -രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തക സമിതിയംഗം
മൂന്നാമതും എൽ.ഡി.എഫ് വരും ശബരിമല യുവതിപ്രവേശനത്തിൽ സംസ്ഥാന സർക്കാർ ചർച്ചചെയ്ത് നിലപാടറിയിക്കും. പാർട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിവാദമുണ്ടായ സാഹചര്യത്തിൽ ഉചിതമായ തീരമാനുമെടുക്കട്ടെ. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പറഞ്ഞതുപോലെ എൽ.ഡി.എഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരുമെന്നതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്ന വിസ്മയം. ഇത് മുൻകൂട്ടി കണ്ടായിരിക്കണം പ്രതിപക്ഷ നേതാവ് വിസ്മയം വരുമെന്ന് പറയുന്നത്. -എം.എ ബേബി സി.പി.എം ജന. സെക്രട്ടറി