പൊലീസുകാരെ തിരുത്താൻ ആൾക്കൂട്ടം ഇറങ്ങേണ്ട: ഡി.ഐ.ജി

Wednesday 18 February 2026 12:23 AM IST

കോതമംഗലം: പൊലീസിന് വീഴ്ചയുണ്ടായാൽ തിരുത്താൻ നിയമത്തിൽ തന്നെ വ്യവസ്ഥകളുണ്ടെന്നും ആൾക്കൂട്ടം പൊലീസിനെ നന്നാക്കാനിറങ്ങിയാൽ എന്താകും ഫലമെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്നും ഡി.ഐ.ജി ഡോ. അരുൾ ആർ.ബി. കൃഷ്ണ. തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച സംഭവത്തെ ന്യായീകരിക്കേണ്ടതില്ല. പൊലീസിനെ കുറ്റപ്പെടുത്തി കല്ലെറിയുമ്പോൾ ഒപ്പംകൂടാൻ ആളുകൾ ഏറെയുണ്ടാകും. അത് ഡ്യൂട്ടി നിർവഹണത്തെ ബാധിക്കരുത്. കോതമംഗലത്ത് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് മിഥുൻ റോയി എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന പ്രമേയം അസോസിയേഷൻ യോഗം പാസാക്കി. കൃത്യനിർവഹണത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾക്കെതിരെ വസ്തുതാവിരുദ്ധ പ്രചാരണം നടത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.