കലാലയ മൃഗസംരക്ഷണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കും: ജെ. ചിഞ്ചുറാണി
കൊല്ലം: പഠനത്തോടൊപ്പം വരുമാനദായകമായ മൃഗസംബന്ധിയായ സംരംഭങ്ങളുടെ കലാലയ സ്റ്റാർട്ടപ്പുകൾക്ക് എല്ലാ സഹായവും നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ശ്രീനാരായണ കോളജിൽ വകുപ്പ് സംഘടിപ്പിച്ച മൃഗക്ഷേമ പുരസ്‌കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൃഗക്ഷേമ പുരസ്‌കാരമായ 10,000 രൂപയും ഫലകവും പൊന്നാടയും കുരീപ്പുഴ സ്വദേശി ജോൺസണും നെടുമ്പന സ്വദേശി നൗഫലിനും മന്ത്രി സമ്മാനിച്ചു. ഡോഗ് ബ്രീഡിംഗ് റൂൾസിന്റ പ്രകാശനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. അരുമമൃഗ, പക്ഷി പ്രദർശനവും അനുബന്ധമായി ഒരുക്കി. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻകുമാർ, ശ്രീനാരായണ കോളജ് പ്രിൻസിപ്പൽ പ്രൊഫ. എസ്. ലൈജു, ജന്തുശാസ്ത്ര വിഭാഗം പ്രൊഫസർ എസ്. ജിഷ, ചീഫ് വെറ്ററിനറി ഓഫീസർ രമ ജി.ഉണ്ണിത്താൻ, ഡോ. ജേക്കബ് അലക്‌സാണ്ടർ, ഡെപ്യൂട്ടി ഡയറക്ടർ ഷീബ പി.ബേബി, എസ്.പി.സി.എ വൈസ് പ്രസിഡന്റ് ജനാർദ്ദനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.