മുൻ രജിസ്ട്രാറുടെ ഹർജി: കേരള വി.സി ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം

Wednesday 18 February 2026 12:31 AM IST

കൊച്ചി: സസ്‌പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കിയ ശേഷവും കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ തിരിച്ചെടുക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ വൈസ് ചാൻസലർ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം. സിൻഡിക്കേറ്റ് സസ്‌പെൻഷൻ റദ്ദാക്കിയെങ്കിലും കുറ്റാരോപണ മെമ്മോ നൽകി ജോലിയിൽ പ്രവേശിക്കുന്നത് തടഞ്ഞ വി.സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടിയെ ചോദ്യം ചെയ്ത് അനിൽകുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടക്കാല ഉത്തരവ്. മാർച്ച് 11ന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ജൂലായ് രണ്ടിന് രജിസ്ട്രാറെ വി.സി സസ്‌പെൻഡ് ചെയ്തിരുന്നു. നവംബർ ഒന്നിന് ഹൈക്കോടതി നിർദ്ദേശ പ്രകാരം വിളിച്ച സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ റദ്ദാക്കി. ഇത് അംഗീകരിക്കാതെ, ചാൻസലറുടെ തീരുമാനത്തിന് വിടുകയാണ് വി.സി ചെയ്തത്. പിന്നാലെ ഡിസംബർ 16ന് വി.സി പുതിയ കുറ്റാരോപണ മെമ്മോ നൽകി. ഇതിനിടെ ഹർജിക്കാരനെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ തസ്തികയിലേക്ക് തിരിച്ചയച്ച് സർക്കാർ ഉത്തരവിട്ടിരുന്നു. പ്രിൻസിപ്പലായി ചുമതലയേറ്റ ശേഷവും കുറ്റാരോപണ മെമ്മോ നൽകിയെന്നും അധികാരപരിധി മറികടന്നാണ് വി.സിയുടെ നടപടിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നലെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേ വി.സിയുടെ നടപടിയെ ഹൈക്കോടതി വിമർശിച്ചു.