പ്രസവശസ്ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രതിഷേധം

Wednesday 18 February 2026 7:18 AM IST

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവ് ആരോപിച്ച് പ്രതിഷേധം. സിസേറിയൻ നടത്തി പുറത്തെടുത്ത കുഞ്ഞ് മരിച്ചതിനെത്തുടർന്നാണ് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത്. ജില്ലാ സൂപ്രണ്ടിനെയും ആർഡിഒയും തടഞ്ഞുവച്ചാണ് പ്രതിഷേധിച്ചത്. പാലോട് സ്വദേശി രഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.

കഴിഞ്ഞദിവസം പൂർണഗർഭിണിയായ രഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയ്‌ക്കായി എത്തിയപ്പോൾ പ്രസവത്തിനായി അഡ്‌മിറ്റാകാൻ നിർദേശിക്കുകയായിരുന്നു. ഇന്നലെ രാവിലെ നാല് മണിയോടെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഉച്ചയ്‌ക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസതടസമാണ് മരണകാരണമെന്നാണ് ഡോക്‌ടറുടെ വിശദീകരണം.

ആരോപണം വിശദമായി അന്വേഷിക്കുമെന്ന് ആർഡിഒ ജയകുമാർ ഉറപ്പുനൽകി. രഞ്ജനയെ ചികിത്സിച്ച ഡോക്‌ടർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടത്തിയത്. ഇവർക്കെതിരെയാണ് ബന്ധുക്കൾ രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ കോളേജ് സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും.