പീഡനത്തിനിരയായ 16കാരി  ആത്മഹത്യ  ചെയ്തു; സംഭവം വയനാട്ടിൽ

Wednesday 18 February 2026 4:23 PM IST

കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാ‌ർത്ഥിനി ആത്മഹത്യ ചെയ്തത്. ബന്ധുവും അയൽവാസിയുമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനി പീഡനത്തിനിരയായ വിവരം സ്കൂൾ അധികൃതരാണ് പൊലീസിൽ അറിയിച്ചത്.

ഈ മാസം സ്കൂളിൽ നടത്തിയ കൗൺസലിംഗിനിടെയാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് നൽകിയ പരാതിയിൽ കഴിഞ്ഞ 11ന് പ്രതികളെ മേപ്പാടി പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്ത് വൈത്തിരി ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. 2024-25 കാലത്ത് പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സൂചന.

പ്രതികളെ അറസ്റ്റു ചെയ്തെങ്കിലും പീഡനത്തെ തുടർന്നുള്ള കടുത്ത മാനസിക സംഘർഷമാണ് പെൺകുട്ടി ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പീഡനവിവരം അറിഞ്ഞിട്ടും പെൺകുട്ടിക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ പൊലീസിനും ബന്ധപ്പെട്ട അധികൃതർക്കും കഴിയാത്തതും കാരണമായെന്നും ആക്ഷേപമുണ്ട്.

പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കാനും പൊലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. കുട്ടി ബന്ധുക്കളുടെ കൂടെ ആയതിനാലാണ് മാറ്റിപ്പാർപ്പിക്കാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. പെൺകുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നവരാണ്. പിതാവിനൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)