വേനൽ കടുക്കും മുൻപേ കുടിവെള്ളം കിട്ടാക്കനി, നഗരത്തിലും കിഴക്കൻ മേഖലകളിലും ഒരുപോലെ
കൊച്ചി: കടുത്ത വേനലെത്തും മുൻപേ ജില്ല കുടിവെള്ള ക്ഷാമത്തിൽ. ഗ്രാമ നഗര വ്യത്യാസങ്ങളില്ലാതെ ജില്ലയുടെ എല്ലാ മേഖലകളിലും കുടിവെള്ളം കിട്ടാക്കനിയാണ്. എറണാകുളം നഗരപ്രദേശം, മഞ്ഞുമ്മൽ, പൂണിത്തുറ, മരട്, കാക്കനാട് തുടങ്ങിയ മേഖലകളിലും കോലഞ്ചേരി, കോതമംഗലം തുടങ്ങിയ കിഴക്കൻ മേഖലകളിലുമെല്ലാം പ്രശ്‌നം രൂക്ഷമാണ്. തമ്മനത്തെ കൂറ്റൻ ജലസംഭരണി പൊട്ടിയതിന് ശേഷമാണ് തമ്മനം, വൈറ്റില, കലൂർ, പാലാരിവട്ടം തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം കടുത്തത്. മരടിൽ നിന്ന് അധിക ജലമെത്തിച്ച് വിതരണം സുഗമമാക്കുമെന്ന് പറഞ്ഞെങ്കിലും പൂർണതോതിൽ നടപ്പായില്ല.
തൃക്കാക്കര മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പെരിയാറിലെ നിർദ്ദിഷ്ട 190 എം.എൽ.ഡി ടാങ്ക് പൂർത്തിയായാൽ മാത്രമേ തൃക്കാക്കര മേഖലയിലെ ജലക്ഷാമമില്ലാതാകൂ.
കോലഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമമുണ്ട്. തിരുവാണിയൂർ, കിഴക്കമ്പലം, കുന്നത്തുനാട് എന്നിവിടങ്ങളിലും കുടിവെള്ളമില്ല. ജലജീവൻ മിഷന് കീഴിൽ കൂറ്റൻ കുടിവെള്ള ടാങ്കുകൾ പദ്ധതിയിലുണ്ടെങ്കിലും ഒന്നുപോലും പണി പൂർത്തീകരിച്ചിട്ടില്ല. കറുകപ്പള്ളിയിലെ കുടിവെള്ള ടാങ്ക് നിർമ്മാണം തുടങ്ങിയിട്ട് നാളേറെയായി. പട്ടിമറ്റത്തെ ടാങ്കും പാതിവഴിയിലാണ്. തിരുവാണിയൂരെ കൂറ്റൻടാങ്ക് നിർമ്മാണം ആദ്യഘട്ടത്തിലെത്തിയതേയുള്ളു. പൈപ്പ് കണക്ഷൻ നൽകുന്നത് സംബന്ധിച്ച് ദേശീയപാത അതോറിട്ടിയും വാട്ടർ അതോറിട്ടിയും തമ്മിലുള്ള തർക്കവും സുഗമമായ കുടിവെള്ള വിതരണത്തിന് തടസമാകുന്നു.
32 എം.എൽ.ഡി വെള്ളം ആവശ്യമുള്ള തൃക്കാക്കരയിൽ 24 എം.എൽ.ഡി മാത്രമാണ് വിതരണം ചെയ്യുന്നത്
കോതമംഗലത്ത് അതിരൂക്ഷം
കോതമംഗലം ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിലും ഇത്തവണ കുടിവെള്ള ക്ഷാമം നേരത്തെയെത്തി. പെരിയാറിന്റെ തീരത്തുള്ള കീരമ്പാറ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലാണ് പ്രധാന പ്രശ്‌നം. പലയിടങ്ങളിലും വാഹനങ്ങളിൽ വെള്ളമെത്തിക്കുകയാണ്. ജലജീവൻ മിഷനിൽ പുതിയ പദ്ധതി നിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങളായി. പൂർത്തിയാക്കിയിട്ടില്ല.
പൂണിത്തുറയിൽ പരിഹാരമില്ല
മൂന്ന് മാസത്തിലേറെയായി ദുരിതമനുഭവിക്കുന്ന പൂണിത്തുറ ഡിവിഷനിലെ പേട്ട മുതൽ മരട് മുനിസിപ്പാലിറ്റി അതിർത്തിയായ ഗാന്ധിസ്‌ക്വയർവരെയുള്ള കുടിവെള്ളപ്രശ്‌നത്തിനും ഇതുവരെ പരിഹാരമായില്ല. ദേശീയപാതയ്ക്ക് കിഴക്കുഭാഗത്ത് തടസമില്ലാതെ കുടിവെള്ളം എത്തുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം.
പടിഞ്ഞാറ് വശത്തുള്ള വീടുകളെല്ലാം കുടിവെള്ളക്ഷാമത്താൽ പൊറുതിമുട്ടുകയാണ്. ദേശീയപാതയ്ക്ക് കുറുകെയുള്ള പൈപ്പുകൾ തമ്മിൽ ബന്ധിപ്പിച്ചാൽ തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾക്ക് വിതരണം ചെയ്യുന്ന വെള്ളത്തിൽ കുറച്ച് ഇവിടേക്കും ലഭിക്കും.
പൈപ്പ് പൊട്ടലും കെണി
കൊച്ചി നഗരത്തിൽ വിവിധ കേന്ദ്രങ്ങളിലുണ്ടാകുന്ന ചെറുതും വലുതുമായ പൈപ്പ് പൊട്ടലുകളും പ്രശ്‌നം രൂക്ഷമാക്കുന്നു. പൊട്ടിയ പൈപ്പുകൾ ന്നന്നാക്കുന്നതിന് വാട്ടർ അതോറിട്ടി അതിവേഗ നടപടികൾ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. മെട്രോ നിർമ്മാണം, അദാനി ഗ്യാസ് പൈപ്പിടൽ എന്നിവയേത്തുടർന്ന് വിവിധയിടങ്ങളിൽ പൈപ്പ് പൊട്ടുന്നതും സ്ഥിരമാണ്. നെട്ടൂർ എസ്.എൻ ജംഗ്ഷനിൽ ദിവസങ്ങൾക്ക് മുൻപ് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം വൻതോതിൽ ഒഴുകിപോകുന്നത് ഇതുവരെ പരിഹരിക്കാനായിട്ടില്ല. ഒരേ സ്ഥലത്ത് ഇത് നാലാം തവണയാണ് പൈപ്പ് പൊട്ടുന്നത്.