1440 തടവുകാരെ മോചിപ്പിക്കും,​ സാമ്പത്തിക ബാദ്ധ്യതകളും ഏറ്റെടുക്കും;​ നിർണായക പ്രഖ്യാപനം നടത്തി യുഎഇ

Wednesday 18 February 2026 8:08 PM IST

അബുദാബി : റംസാൻ മാസം തുടങ്ങിയതിന്റെ സന്തോഷ സൂചകമായി 1440 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മോചന ഉത്തരവ് നൽകിയത്. ശിക്ഷയുടെ ഭാഗമായ ഇവരുടെ സാമ്പത്തിക ബാദ്ധ്യതകളും ഏറ്രെടുക്കുമെന്ന് ഉത്തരവിൽ പറയുന്നു. കുടുംബങ്ങൾക്ക് ജീവിതത്തിന് പുതിയ തുടക്കം നൽകാനും വീണ്ടും അവസരം നൽകാനുമാണ് തീരുമാനം. പ്രിയപ്പെട്ടവർ‌ക്കൊപ്പം ഒത്തുചേരാൻ വീണ്ടും അവസരമൊരുക്കുന്നതാണ് മോചനം. വിവിധ എമിറേറ്റുകൾ പ്രത്യേകമായി വരും ദിവസങ്ങളിൽ ശിക്ഷാഇളവുകൾ പ്രഖ്യാപിച്ചേക്കും.

എല്ലാ വർഷങ്ങളിലും റംസാൻ മാസത്തിൽ ഗൾഫ് രാജ്യങ്ങളിൽ തടവുകാർക്ക് മോചനം അനുവദിക്കാറുണ്ട്. അതീവ ഗുരുതര കൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരല്ലാത്തവരെയാണ് മോചനത്തിന് പരിഗണിക്കാറുള്ളത്. അതേസമയം ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു.