വികസന സന്ദേശവുമായി മുഖ്യമന്ത്രി ധർമ്മടത്ത്

Thursday 19 February 2026 12:59 AM IST

ധർമ്മടം (കണ്ണൂർ): ജനങ്ങളോടൊപ്പം വികസന വഴിയിൽ എന്ന പേരിൽ മണ്ഡലതല വികസന സംവാദ സംഗമവുമായി മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് മൂന്നു ദിവസത്തെ പര്യടനം തുടങ്ങി. മണ്ഡലത്തിലെ 17 കേന്ദ്രങ്ങളിൽ സർക്കാരിന്റെ നേട്ടങ്ങളും ധർമ്മടത്തിന്റെ വികസന മുന്നേറ്റങ്ങളും ഊന്നിപ്പറഞ്ഞുള്ളതാകും സംവാദ പരമ്പര.

മണ്ഡലത്തിൽ ഹാട്രിക് ലക്ഷ്യമിട്ട് ഇറങ്ങാനുള്ള ആത്മവിശ്വാസത്തിനൊപ്പം ഭരണത്തുടർച്ച എന്ന ലക്ഷ്യവും ഇതിനുണ്ടെന്നാണ് വിലയിരുത്തൽ. ക്ഷേമപ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യ വികസനവും മുൻനിറുത്തിയുള്ള പത്തു വർഷത്തെ ഭരണാനുഭവമാണ് പിണറായി വിജയൻ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. 2021ലെ തുടർഭരണം ഭരണ മികവിന്റെ അംഗീകാരമായിരുന്നുവെന്ന വിലയിരുത്തലിലാണ് പാർട്ടി. അതിന്റെ തുടർച്ചയായി മൂന്നാം ടേമിലും സംസ്ഥാനത്തെ നയിക്കാൻ വികസന നായകൻ എന്ന പ്രതിച്ഛായ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകകൂടിയാണ് ലക്ഷ്യം.

മൂന്നാം തവണയും മുന്നണി ക്യാപ്ടനായി പിണറായി തന്നെ രംഗത്തിറങ്ങണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരലക്ഷത്തോളം ഭൂരിപക്ഷം പിണറായിക്ക് നേടിക്കൊടുത്ത ധർമ്മടം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയാണ്. എട്ട് പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭരണം നിലനിൽക്കുന്നത് ആത്മവിശ്വാസം കൂട്ടുന്നു.