മലബാർ മദ്യം 21ന്; പേരിൽ സസ്പെൻസ്

Thursday 19 February 2026 12:00 AM IST

തിരുവനന്തപുരം: മലബാറിൽ സർക്കാർ നിർമ്മിക്കുന്ന ബ്രാണ്ടി ഈ മാസം 21ന് പുറത്തിറങ്ങും. പക്ഷെ, പേര് സസ്പെൻസിൽ. പുറത്തിറക്കൽ ചടങ്ങിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷ് പേരു പ്രഖ്യാപിക്കും.

വാങ്ങാൻ ഒന്നു രണ്ടു ദിവസം കാത്തിരിക്കണം. ട്രാക്ക് ആൻഡ് ട്രെയിസ് സംവിധാനമടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമേ വെയർഹൗസുകളിലേക്ക് എത്തൂ. അര ലിറ്ററിന്റെ പ്ളാസ്റ്റിക് ബോട്ടിലാണ് തുടക്കത്തിൽ ലഭിക്കുക. സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് നിർമ്മിക്കുന്ന ജവാൻ റമ്മിന് ലിറ്ററിന് 650, ഫുള്ളിന് 490 രൂപയുമാണ് വില. പുതിയതിനും വിലയിൽ വലിയ വ്യത്യാസമുണ്ടായേക്കില്ല.

പാലക്കാട് മേനോൻപാറയ്ക്ക് സമീപമാണ് ഡിസ്റ്റിലറി. നേരിട്ടും അല്ലാതെയുമായി 250 ഓളം പേർക്ക് തൊഴിൽ ലഭിക്കും. 125 ഓളം കുടുംബശ്രീ പ്രവർത്തകർക്ക് ബോട്ട്ലിംഗ് യൂണിറ്റിലാകും ജോലി. നിലവിൽ 26 ജീവനക്കാരുണ്ട്. കേരള ഇലക്ട്രിക് ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനിയ്ക്കായിരുന്നു നിർമ്മാണ മേൽനോട്ടം .

തുടക്കം പഞ്ചസാര ഫാക്ടറി

1952 ൽ തുടങ്ങിയ ചിറ്റൂർ സഹകരണ പഞ്ചസാര ഫാക്ടറിയാണ് പുതിയ മദ്യനിർമ്മാണശാലയായി മാറിയത് . 1974ൽ പഞ്ചസാരയുടെ ഉപോത്പന്നമായ മൊളാസസിൽ നിന്ന് സ്പിരിറ്റ് ഉല്പാദിപ്പിക്കുന്ന ഡിസ്റ്റിലറി സ്ഥാപിച്ചു. 1996 ലെ ചാരായ നിരോധനം മൂലം പ്രവർത്തനം പ്രതിസന്ധിയിലായതോടെ, 2000 ൽ പഞ്ചസാര ഉത്പാദനവും 2001 ൽ സ്പിരിറ്റ് നിർമ്മാണവും അവസാനിപ്പിക്കുകയായിരുന്നു.

പേര് വിവാദം

മദ്യത്തിന് പേര് നിർദ്ദേശിക്കാൻ ജനങ്ങൾക്ക് അവസരം നൽകി ബെവ്കോ പരസ്യം നൽകിയത് വിവാദമായിരുന്നു. 10,000 രൂപ സമ്മാനവും പ്രഖ്യാപിച്ചു. ഇതിനെതിരെ ഹർജി എത്തിയതോടെ ഹൈക്കോടതി സ്റ്റേ ചെയ്തു. പരസ്യം തങ്ങൾ നൽകിയിട്ടില്ലെന്ന സത്യവാങ് മൂലം നൽകി ബെവ്കോ തലയൂരി.

113 ഏക്കർ

മലബാർ ഡിസ്റ്റിലറീസിന്റെ സ്ഥലം

25.90 കോടി

പ്ലാന്റിന്റെ ചെലവ്

13,500 കെയ്സ്

പ്രതിദിന ഉത്പാദനം

250 പേർക്ക്

തൊഴിലവസരം