യുവാക്കളെ തട്ടിക്കൊണ്ടുപോയി കാറും 1.50 ലക്ഷവും കവർന്ന കേസിൽ ഗുണ്ടകൾ അറസ്റ്റിൽ

Thursday 19 February 2026 12:06 AM IST
ബിലാൽ

കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിൽനിന്ന് യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ഒന്നരലക്ഷംരൂപയും കാറും തട്ടിയെടുത്ത കേസിൽ പ്രതികളെ ഹാർബർ പൊലീസ് അറസ്റ്റുചെയ്തു. വരാപ്പുഴയിൽ താമസിക്കുന്ന കൊല്ലം നെടുമൺകാവ് വാക്കനാട് ഭാസ്കരവിലാസം വീട്ടിൽ എസ്.പി. ജഗൻ (26), എളമക്കര പുതുക്കലവട്ടം കോൺവെന്റിന് സമീപം കൃഷ്ണകൃപയിൽ അമൃതേഷ് കാമത്ത് (28), ആലുവ എടത്തല നാെച്ചിമ കാഞ്ഞിരത്തിങ്കൽവീട്ടിൽ ബിലാൽ (26), തോപ്പുംപടി കൊച്ചുപള്ളി റോഡ് വാഴക്കൂട്ടത്തിൽ വീട്ടിൽ ക്രിസ്റ്റോഫർ ജോസ് (37), തോപ്പുംപടി മുണ്ടംവേലി വാലുമ്മേൽച്ചിറ വീട്ടിൽ വി.ടി. അരുൺ (28), എഴുപുന്ന സ്വദേശി ഷാരോൺ (40) എന്നിവരാണ് പിടിയിലായത്.

ദേവികുളം സ്വദേശിയും വാഹന ഇടപാടുകാരനുമായ ആഷിഖ്, സുഹൃത്ത് റിയാസ് എന്നിവരെയാണ് കഴിഞ്ഞ 12ന് ഗുണ്ടാസംഘം വില്ലിംഗ്ടൺ ഐലൻഡിലെ നടപ്പാതയിൽ വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്. ആഷിഖിന്റെ കാറിലാണ് ഇരുവരെയും ബലംപ്രയോഗിച്ച് കയറ്റിയത്. തുട‌ർന്ന് പൂത്തോട്ടയിലെ ആളൊഴിഞ്ഞ ഭാഗത്തെ വീട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് തോക്കിന്റെ പാത്തി ഉപയോഗിച്ചായിരുന്നു മർദ്ദനം. 14വരെ ഇത് തുട‌ർന്നു. കാറും അഞ്ചുലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. ഒടുവിൽ ഒന്നരലക്ഷംരൂപയും കാറും കൈക്കലാക്കിയശേഷം മരട് ഭാഗത്തെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ച് കടന്നു. ആഷിഖ് പ്രാണരക്ഷാർത്ഥം സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചതിനെ തുട‌ർന്നാണ് സംഭവം പുറത്തായത്.

എട്ട് അംഗ ഗുണ്ടാസംഘത്തിലെ ആറുപേരാണ് പിടിയിലായത്. കൊച്ചിയിൽ ലഹരി ഇടപാടുകൾ നടത്തുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം തുടരുന്നു. തട്ടിക്കൊണ്ട് പോകലിന് ലഹരികടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ കാരണമെന്നത് ഉൾപ്പെടെ അന്വേഷണ പരിധിയിലുണ്ട്.

എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.ജി. സുരേഷ്, ഹാർബർ പൊലീസ് ഇൻസ്പെക്ട‌ർ ദിലീഷ്, എസ്.ഐ സി.എം. ജോസി, പി. അനിൽകുമാർ, എ.എസ്.ഐ സനീപ്കുമാർ, എസ്.സി.പി.ഒ എം. മഹേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.