സേവ് ബോക്സ് തട്ടിപ്പ്: ജയസൂര്യയുടെ 39.1 ലക്ഷത്തിന്റെ സ്വത്ത് ഇ.ഡി കണ്ടു കെട്ടി

Thursday 19 February 2026 12:24 AM IST

കൊച്ചി: തൃശൂരിലെ സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയുടെ 39.1 ലക്ഷം രൂപയുടെ ഭൂസ്വത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യയെ രണ്ടു തവണ ചോദ്യം ചെയ്‌ത ശേഷമാണ് നടപടി.ബ്രാൻഡ് അംബാസഡറെന്ന നിലയിൽ ജയസൂര്യ കൈപ്പറ്റിയ തുക നിക്ഷേപകരെ വഞ്ചിച്ച് സേവ് ബോക്സ് കൺസെപ്റ്റ്സ് ലിമിറ്റഡ് ഉടമകൾ ശേഖരിച്ചതാണെന്ന് വിലയിരുത്തിയാണ് നടപടിയെന്ന് ഇ.ഡി അറിയിച്ചു.

ആപ്പിൽ നിക്ഷേപവും ഫ്രാഞ്ചൈസിയും വാഗ്ദാനം ചെയ്‌ത് നിക്ഷേപം സ്വീകരിച്ച് കോടികൾ തട്ടിയെന്ന കേസിൽ മാനേജിംഗ് ഡയറക്ടർ സ്വാതിഖ് റഹിമിനെ തൃശൂർ ഈസ്‌റ്റ് പൊലീസ് 2023ൽ അറസ്‌റ്റ് ചെയ്തിരുന്നു. തുടർന്ന് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡിയും കേസെടുത്തു. ഡിസംബറിൽ രണ്ടു തവണ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. സിനിമാ മേഖലയുമായി അടുപ്പമുള്ള സ്വാതിഖുമായുള്ള ബന്ധം, പണമിടപാട് എന്നിവയുടെ വിവരങ്ങളാണ് ഇ.ഡി ആവശ്യപ്പെട്ടത്. സാമ്പത്തിക ഇടപാടുകൾ നിയമാനുസൃതമായി നടത്തി കൃത്യമായ നികുതി ഖജനാവിൽ അടയ്‌ക്കുന്ന സാധാരണ പൗരനാണ് താനെന്നാണ് ചോദ്യം ചെയ്യലിനുശേഷം ജയസൂര്യ പ്രതികരിച്ചത്.