കാ‌ർ പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞു, സ്‌കൂട്ടർ യാത്രികൻ ഓടയിലേക്ക് തെറിച്ചുവീണ് അപകടം

Wednesday 18 February 2026 9:33 PM IST

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്ത് സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിലേക്ക് തെറിച്ചുവീണു. യാത്രക്കാരന്‌ നിസാര പരിക്കേറ്റു. ഒളവണ്ണ സ്വദേശി നിസാറാണ് അപകടത്തിൽപെട്ടത്. മാനാഞ്ചിറ മലാപ്പറമ്പ് റോഡിൽ നിർമ്മാണം നടക്കുന്ന ഓടയിലേക്കാണ് വീണത്. അപകടത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

മലാപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിൽ എരഞ്ഞിപ്പാലം ജംഗ്ഷനോട് ചേർന്നുള്ള ഓടയിലേക്കാണ് തെറിച്ചുവീണത്. വെള്ളിമാടുകുന്ന് മാനാഞ്ചിറ റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലമാണിത്. ഇടതു ഭാഗത്തുകൂടി കാറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കാർ പെട്ടെന്ന് ഇടത്തോട്ട് എടുത്തിനെ തുടർന്ന് ബ്രേക്കിട്ടപ്പോൾ സ്‌കൂട്ടർ തെന്നി മറിയുകയായിരുന്നു.

നിർമ്മാണം നടക്കുന്നതിനാൽ റോഡരികിലെ മണലിൽ തെന്നിയാണ് സ്‌കൂട്ടർ മറിഞ്ഞ് യാത്രികൻ ഓടയിലേക്ക് വീണത്. വാഹന, കാൽനട യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ പൊതുമരാമത്ത് അധികൃതർ ശ്രദ്ധിക്കണമെന്ന് കോർപ്പറേഷൻ കൗൺസിലർ കെ.ശോഭിത ആവശ്യപ്പെട്ടു.