വസ്ത്ര വ്യാപാര സ്ഥാപനത്തിലെ തീപിടിത്തം:50 കോടിയുടെ നഷ്ടം

Thursday 19 February 2026 12:40 AM IST

കോഴിക്കോട്: നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കിയ ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ 50 കോടിയോളം രൂപയുടെ നഷ്ടം. റംസാൻ സ്റ്റോക്കെടുപ്പ് കൂടിയുണ്ടായതിനാൽ 2023ലുണ്ടായ തീപിടിത്തത്തിനേക്കാൾ മൂന്നിരട്ടിയോളം കൂടുതൽ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ സ്ഥാപനം പൂർവസ്ഥിതിയിലാകണമെങ്കിൽ മൂന്നു മാസത്തോളം സമയമെടുക്കും. 156ഓളം ജീവനക്കാരാണ് ഇവിടെയുള്ളത്. നവീകരണം കഴിയും വരെ ഇവരെ മറ്റ് നഗരങ്ങളിലെ സ്ഥാപനങ്ങളിലേക്ക് മാറ്റും.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് ഉടമ ഗോവിന്ദ കമ്മത്ത് പറഞ്ഞു. പൊലീസിന്റെ പ്രാഥമിക നിഗമനവും ഒന്നാമത്തെയോ രണ്ടാമത്തെയോ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം എന്നതാണ്. സ്ഥാപനത്തിൽ ഭക്ഷണം പാചകം ചെയ്യുന്നില്ലെങ്കിലും ചായ ഉണ്ടാക്കുന്ന അടുക്കളയുണ്ട്. പുറത്തുനിന്ന് എത്തിക്കുന്ന ഭക്ഷണം ജീവനക്കാർക്ക് കഴിക്കാനുള്ള ക്യാന്റീനുമുണ്ട്. ഇവിടെ നിന്നാണോ തീ പർടന്നതെന്നും പൊലീസ് പരിശോധിക്കും. ക്യാന്റീനിന്റെ ഭാഗത്തു നിന്നാണ് ആദ്യം പുകയുയർന്നതെന്നാണ് വിവരം. ക്യാന്റീനിൽ നിന്ന് 13 ഗ്യാസ് സിലിണ്ടറുകൾ തുടക്കത്തിൽ തന്നെ മാറ്റിയതിനാലാണ് വലിയ അപകടം ഒഴിവായത്.

ജ​യ​ല​ക്ഷ്മി​ ​സി​ൽ​ക്സ് ​മാ​നേ​ജ​ർ​ ​കെ.​അ​ജേ​ഷ് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​ടൗ​ൺ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.