ആടിയ ശിഷ്ടം നെയ്യ് വില്പന:   21 ലക്ഷത്തിന്റെ ക്രമക്കേട്

Thursday 19 February 2026 12:45 AM IST

കൊച്ചി: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വില്പനയിൽ 2025 നവംബർ 16 മുതൽ ഡിസംബർ 31 വരെ 21 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് മൂന്നു മാസം സമയം തേടിയെങ്കിലും 45 ദിവസത്തിനകം തീർക്കാൻ ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.

കേസിൽ 33 പ്രതികളാണുള്ളതെന്ന് അന്വേഷണ സംഘം അറിയിച്ചു. 30 പ്രതികളും ശാന്തിക്കാരാണ്. മൂന്നുപേർ ക്ഷേത്രം സ്‌പെഷ്യൽ ഓഫീസർമാരും. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ അക്കൗണ്ടിംഗ് സംവിധാനം ഒരുക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. വിഷയം 27ന് വീണ്ടും പരിഗണിക്കും.

അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്.പി എച്ച്. മഹേഷ് അടക്കമുള്ള ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. നെയ്യ് വില്പന സംബന്ധിച്ച് ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഫയൽ ചെയ്ത റിപ്പോർട്ടിനെ തുടർന്ന് സ്വമേധയാ എടുത്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.