യൂണിയൻ ബാങ്കിന്റെ പുതിയ വായ്പാ പദ്ധതികൾ

Thursday 19 February 2026 1:07 AM IST

മുംബയ്: 2047ഓടെ 'വികസിത ഭാരതം' എന്ന കേന്ദ്രസർക്കാർ ലക്ഷ്യം മുൻനിർത്തി കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പാ പദ്ധതികൾ ആവിഷ്‌കരിച്ചു. 'യൂണിയൻ നിര്യാത് സുഗം', 'യൂണിയൻ നിര്യാത് പ്രോത്സാഹൻ യോജന' എന്നീ പേരുകളിലുള്ള ഈ പദ്ധതികൾ വഴി ഈട് ഇല്ലാതെ കയറ്റുമതിക്കാർക്ക് പ്രവർത്തന മൂലധനം ലഭ്യമാകും. മാനുഫാക്ചറിംഗ് മേഖലയിലെ കയറ്റുമതിക്കാർക്കായി പ്രത്യേകം രൂപകല്പന ചെയ്ത 'യൂണിയൻ നിര്യാത് സുഗം' വഴി 80 കോടി രൂപ വരെ വായ്പ ലഭിക്കും. വ്യാപാരികൾ, രത്‌നം, ആഭരണം, ഇരുമ്പയിര് മേഖലയിലുള്ളവർ എന്നിവരൊഴികെ എം.എസ്.എം.ഇ വിഭാഗത്തിലും അല്ലാത്തവരുമായ എല്ലാ ഉത്പാദകർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. മൈക്രോ, സ്‌മാൾ വിഭാഗത്തിലുള്ള കയറ്റുമതിക്കാർക്ക് 10 കോടി രൂപ വരെ ഈടില്ലാതെ വായ്പ നൽകുന്നതാണ് 'യൂണിയൻ നിര്യാത് പ്രോത്സാഹൻ യോജന'.