രാമൻകുളങ്ങര ജംഗ്ഷൻ-മരുത്തടി റോഡ് യാത്രാ ദുരിതത്തിന് അറുതി

Thursday 19 February 2026 1:01 AM IST

കൊല്ലം: യാത്രാക്ലേശം നേരിടുന്ന രാമൻകുളങ്ങര ജംഗ്ഷൻ- മരുത്തടി റോഡിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. 2.2 കിലോമീറ്റർ നീളമുള്ള റോഡിന്റെ കരാർ ഏറ്റെടുക്കാൻ കോൺട്രാക്ടർമാരെ കിട്ടാത്തതാണ് നിർമ്മാണം ഇത്രയും നീളാൻ കാരണം. രണ്ട് വർഷമായി റോഡ് തകർന്നിട്ട്. ഇതിനിടെ ആകെ 7 തവണ ടെൻഡർ വിളിച്ചെങ്കിലും തുക കുറവാണെന്ന കാരണത്താൽ ആദ്യത്തെ ആറ് തവണയും ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ കരാറുകാർ തയാറായില്ല. 2018ലെ നിരക്ക് പ്രകാരം ആദ്യം 1.97 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. നിലവിൽ 2021 ലെ നിരക്ക് പ്രകാരം രണ്ട് കോടി 16 ലക്ഷം രൂപയ്ക്കാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

ആകെ തകർന്ന റോഡിന്റെ നിർമ്മാണത്തിന് ഈ തുക പര്യാപ്തമല്ലെന്ന കാരണത്താലാണ് ടെൻഡറേറ്റെടുക്കാൻ കരാറുകാരൻ മുന്നോട്ട് വരാതിരുന്നത്.

 അംഗീകാരം ലഭിക്കാൻ വൈകി

ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയായെങ്കിലും സർക്കാരിൽ നിന്നുള്ള അംഗീരം ലഭിക്കാൻ വൈകിയതാണ് നിർമ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടതെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്ഷം. എസ്റ്റിമേറ്റ് തുകയുടെ പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കിൽ നേരത്തെ തന്നെ അംഗീകാരം ലഭിക്കുമായിരുന്നു. നിലവിൽ എസ്റ്റിമേറ്റ് തുകയിൽ നിന്ന് 29 ശതമാനത്തോളം ഉയർന്ന തുകയ്ക്കാണ് അനുമതി നൽകിയിരിക്കുന്നു.

 അപകടവും

റോഡിന്റെ ഭൂരിഭാഗം സ്ഥലങ്ങളി​ലും ടാറും മെറ്റലുമിളകി അപകട കാരണങ്ങളാകാവുന്ന കുഴികൾ രൂപപ്പെട്ടു. വീതി കുറഞ്ഞ റോഡിൽ നടപ്പാതയുമി​ല്ല. കുഴിയിൽ പെടാതി​രി​ക്കാൻ റോഡിന്റെ അരിക് ചേർന്ന് പോകുന്ന വാഹനങ്ങൾ കൽനടയാത്രക്കാർക്ക് വലി​യ ഭീഷണി​യാണ്. കോർപ്പറേഷനിലെ അഞ്ച് ഡിവിഷനുകളിലായി സ്ഥിതിചെയ്യുന്ന റോഡിനാണ് ദുർവിധി. ചിന്നക്കട,ചവറ ഭാഗങ്ങളിൽ നിന്നെത്തി രാമൻകുളങ്ങര ജംഗ്ഷനിൽ ബസിറങ്ങുന്നവർ ഏറെയും ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. നിരവധി ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ നിർമ്മാണം അനിശ്ചിതമായി​ നീണ്ടതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലായിരുന്നു.