ബാർ സമയം നീട്ടിയതല്ല, ഏകീകരിച്ചതാണെന്ന് മന്ത്രി

Thursday 19 February 2026 12:56 AM IST

കണ്ണൂർ: ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചതല്ല, ഏകീകരിച്ചതാണെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. ടൂറിസം ഡെസ്റ്റിനേഷനുകളിൽ നേരത്തേ അനുവദിച്ചിരുന്ന രാവിലെ 10 മുതൽ രാത്രി 12 വരെ സമയക്രമം സംസ്ഥാനത്തുടനീളം ഏകീകരിച്ചെന്നു മാത്രം. എല്ലാ ബാറുകളും 35 ലക്ഷം രൂപ ലൈസൻസ് ഫീസ് നൽകേണ്ടതുണ്ട്. സമയത്തിൽ വിവേചനം കാട്ടുന്നതിൽ ബാറുടമകളുടെ പരാതിയും പരിഗണിച്ചു.

ഈ വിഷയം ചർച്ചയായ ഘട്ടത്തിൽ പ്രതിപക്ഷ നേതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോൾ ഉയർത്തുന്ന വിവാദം രാഷ്ട്രീയ പ്രേരിതമാണ്. കർണാടകയിൽ രാവിലെ 9 മുതൽ രാത്രി 12 വരെയും ബെംഗളൂരു നഗരത്തിൽ രാത്രി ഒന്നു വരെയും ബാറുകൾ പ്രവർത്തിക്കുന്നു. തമിഴ്നാട്ടിൽ 12 മണിക്കൂറും അതിൽ 5 സ്റ്റാർ ഹോട്ടലുകൾക്ക് 24 മണിക്കൂറും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകൾ അധിക ഫീസ് അടച്ചാൽ പുലർച്ചെ 3 വരെ ബാർ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാദ്ധ്യമങ്ങൾ സർക്കാരിനെതിരെ രണ്ടും കൽപ്പിച്ചുള്ള യുദ്ധത്തിലാണ്. പാലസ്തീനോട് ഇസ്രായേൽ ചെയ്തതെന്താണോ അതാണ് ഇടതുപക്ഷത്തോട് മാദ്ധ്യമങ്ങൾ ചെയ്യുന്നത്. നുണ ബോംബുകൾ വർഷിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത രണ്ട് മാസം കടുത്ത ബോംബിംഗ് നടത്തുമെന്ന് ഉറപ്പുണ്ട്.