ആഗോള സംഗമത്തിൽ വീണ്ടും കുരുക്ക്: അപ്പവും അരവണയും നെയ്യും ഏതു കണക്കിൽപ്പെടുത്തും?

Thursday 19 February 2026 12:39 AM IST

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് 4.99 കോടിയായി പരിമിതപ്പെടുത്തിയെങ്കിലും വിതരണം ചെയ്ത ഉണ്ണിയപ്പവും അരവണയും നെയ്യും ഏതു കണക്കിൽപ്പെടുത്തുമെന്നറിയാതെ ദേവസ്വം ബോർഡ്. സംഗമത്തിൽ പങ്കെടുക്കാൻ വന്നവർക്കെല്ലാം പ്രസാദമായ അപ്പവും അരവണയും ആടിയശിഷ്ടം നെയ്യും വിഭൂതിയും മഞ്ഞളും നൽകി. ഇതെല്ലാം ഉൾപ്പെടെുന്ന 4100 പായ്ക്കറ്റ് നൽകിയെന്നാണ് ബോർഡിന്റെ കണക്ക്.

ബോർഡിന്റെ ഒരു രൂപ പോലും ചെലവഴിക്കില്ലെന്ന് ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.

ഒരു ടിൻ അരവണയ്ക്ക് 100 രൂപയാണ് വില. അപ്പത്തിനും ആടിയ ശിഷ്ടം നെയ്യിനും 50 രൂപ വീതമാണ് ഭക്തരിൽ നിന്നും ഈടാക്കുന്നത്. നൽകിയ വിഭൂതി, മഞ്ഞൾ എന്നിവയുടെ വില തീരുമാനിച്ചിട്ടില്ല. 12 ലക്ഷം രൂപയേ ആകെ വരികയുള്ളൂവെങ്കിലും ബോർഡിലേക്ക് ആ പണം തിരിച്ചെത്തിച്ചാലേ ഹൈക്കോടതിക്ക് കൊടുത്ത ഉറപ്പ് പാലിക്കാൻ കഴിയൂ.

സംഗമത്തിന്റെ കരാറെടുത്ത ഐ.ഐ.ഐ.സിയോട് ഇതു ഏറ്റെടുക്കാൻ പറയാനുമാകില്ല. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ വ്യക്തിഗത ബാധ്യതയായി ഇതു മാറും. ഈ ബാധ്യത എക്സിക്യുട്ടീവ് ഓഫീസർ ഏറ്റെടുത്തില്ലെങ്കിൽ ബോർഡ് കുഴങ്ങും. ഒരു സ്പോൺസർ മുന്നോട്ടുവന്നാൽ തലയൂരാം.

ഇതിനിടെ, ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് കണക്കുകൾ ദേവസ്വം ബോർഡ് പരിശോധിച്ചു തുടങ്ങി. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നൽകിയ ബില്ലുകളാണ് ടാസ്‌ക് ഫോഴ്സ് പരിശോധിക്കുന്നത്. ഫയലുകൾ ഇന്നലെ ഔദ്യോഗികമായി ദേവസ്വം അക്കൗണ്ട്സ് ഓഫീസർക്ക് കൈമാറി. ഐ.ഐ.ഐ.സി നൽകിയ ഉപകരാറുകളും ടെണ്ടറുകളും പരിശോധിക്കും. ഏതൊക്കെ പരിപാടികളാണ് നടന്നതെന്നും ഇതിൽ എത്ര പേർ പങ്കെടുത്തെന്നുമുള്ള ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ടുകളും പരിശോധിക്കും. ചെലവ് പരിമിതപ്പെടുത്താനുള്ള ബോർഡിന്റെ അനുനയത്തിന് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചെലവ് കുറച്ചത് അറിയിച്ചിട്ടില്ലെന്നാണ് ഐ.ഐ.ഐ.സിയുടെ നിലപാട്.