മാങ്കൂട്ടത്തിലിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞു 

Thursday 19 February 2026 1:01 AM IST

തിരുവനന്തപുരം: ആദ്യ മാനഭംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പേരൂർക്കട പൊലീസ് ക്ലബിൽ മൂന്നു ദിവസമായിരുന്നു ചോദ്യം ചെയ്യൽ. ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയതെന്നും എല്ലാ തീരുമാനവും ഒരുമിച്ചാണ് എടുത്തതെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി.

ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണ സംഘം തിങ്കളാഴ്ച മുതൽ മൂന്നു ദിവസം ചോദ്യം ചെയ്തത്. ദിവസവും നാലു മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ. ആദ്യ പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ പരാതിക്കാരി പിന്മാറുകയാണ് ചെയ്തതെന്നുമാണ് മൊഴിയെന്നാണ് സൂചന.

ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചിട്ടില്ലെന്നുമാണ് മൊഴി.ചില ചാറ്റുകളും അന്വേഷണ സംഘത്തിന് നൽകി.

രാഹുൽ മാങ്കൂട്ടത്തിലിനെ ലൈംഗിക ശേഷി പരിശോധനയ്ക്കും വിധേയനാക്കി. പേരൂർക്കട ആശുപത്രിയിലായിരുന്നു പരിശോധന. മൊബൈൽ ഫോണും പരിശോധനയ്ക്ക് വിധേയമാക്കി.