കല്ലട പദ്ധതി അഴിമതി: ശിക്ഷ ശരിവച്ചു

Thursday 19 February 2026 12:20 AM IST

കൊച്ചി: കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ കുലശേഖരപുരം ഉപകനാലിന്റെ നിർമ്മാണത്തിൽ അഴിമതി നടത്തിയ കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും ശിക്ഷ ഹൈക്കോടതി ശരിവച്ചു. കരാറുകാരൻ തിരുവല്ല ഒന്മൂട്ടാൻ തോട്ടത്തിൽ ടി.ഒ.എബ്രഹാം, കല്ലട ഇറിഗേഷൻ പ്രോജക്ട് സൂപ്രണ്ടിംഗ് എൻജിനിയറായിരുന്ന ആലുവ ചാക്കോ ഹോംസിൽ കെ.കെ.ഫിലിപ്പ് എന്നിവർക്ക് മൂന്നുവർഷം വീതം കഠിനതടവും 17 ലക്ഷം രൂപ വീതം പിഴയുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധിച്ചത്. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.

1988ലെ കരാർ പ്രകാരം കുലശേഖരപുരം ഉപകനാലിന്റെ 700 മീറ്റർ ഭാഗം 24,45,000 രൂപയ്ക്ക് ഒമ്പത് മാസം കൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്നു. ഇത് പാലിക്കാതെ ഉപകരാറുകൾ ഉണ്ടാക്കി 34,78,415 രൂപ ക്രമക്കേടിലൂടെ കരാറുകാരന് അധികമായി നൽകിയെന്ന കണ്ടെത്തൽ ഹൈക്കോടതി ശരിവച്ചു.

അപ്പീൽ പരിഗണനയിലിരിക്കെ സൂപ്രണ്ടിംഗ് എൻജിനിയർ മരിച്ചതിനാൽ തടവുശിക്ഷ ഒഴിവാക്കി. എന്നാൽ പിഴത്തുക അനന്തരാവകാശികളിൽ നിന്ന് ഈടാക്കാൻ കോടതി നിർദ്ദേശിച്ചു. വിജിലൻസിനുവേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ എ.രാജേഷ്, സീനിയർ ഗവ. പ്ലീഡർ എസ്.രേഖ എന്നിവർ ഹാജരായി.