സ്വാശ്രയ കോളേജുകളിൽ വിവരാവകാശ സമിതി: ഉത്തരവിന് സ്റ്റേ

Thursday 19 February 2026 1:44 AM IST

കൊച്ചി: കേരള ആരോഗ്യ സർവകലാശാലയ്‌ക്ക് കീഴിലുള്ള സ്വാശ്രയ കോളേജുകളിൽ വിവരാവകാശ നിയമപ്രകാരം പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അപ്പലേറ്റ് അതോറിറ്റിയെയും നിയമിക്കണമെന്ന സർവകലാശാലാ ഉത്തരവിലെ തുടർനടപടികൾ ഹൈക്കോടതി രണ്ടു മാസത്തേക്ക് തടഞ്ഞു.

ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വാശ്രയ നഴ്സിംഗ്, പാരാ മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷനടക്കം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കിമിന്റെ നടപടി. ഹർജിയിൽ കോടതി സർക്കാരിന്റെയും ആരോഗ്യ സർവകലാശാലയുടെയും വിവരാവകാശ കമ്മിഷന്റെയും വിശദീകരണം തേടി.

സംസ്ഥാന വിവരാവകാശ കമ്മിഷണർമാരിൽ ഒരാൾ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല ഇത്തരമൊരു ഉത്തരവിറക്കിയത്. കോറം തികയാതെ ഉത്തരവിടാൻ ഒരു കമ്മിഷണർക്ക് മാത്രമായി അധികാരമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.

സർക്കാരിൽ നിന്ന് സാമ്പത്തിക സഹായമോ ഗ്രാന്റോ ലഭിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണിവ. അതിനാൽ വിവരാവകാശ നിയമം ബാധകമല്ലെന്നും ഹർജിയിൽ വാദിക്കുന്നു. ഹർജി ഏപ്രിൽ 10ന് വീണ്ടും പരിഗണിക്കും.