'സമ്പൂർണ' പോർട്ടലിൽ കൃത്രിമം: അദ്ധ്യാപകന് സസ്പെൻഷൻ
കൽപ്പറ്റ: അദ്ധ്യാപക തസ്തിക നിലനിർത്താൻ 'സമ്പൂർണ' പോർട്ടലിൽ (സ്കൂളുകളിലെ മുഴുവൻ കുട്ടികളുടെയും സമ്പൂർണ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്ന സോഫ്റ്റ് വെയർ) കുട്ടികളുടെ എണ്ണത്തിൽ തിരിമറി നടത്തിയ അദ്ധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. കോട്ടത്തറ ഗവ.ഹൈസ്കൂൾ മലയാളം അദ്ധ്യാപകൻ ബി.ശ്രീജേഷിനെയാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സസ്പെൻഡ് ചെയ്തത്. 2025 -26 അദ്ധ്യയന വർഷത്തിൽ ഒന്നാം ഭാഷയായി അറബി പഠിക്കാൻ പേര് നൽകിയ എട്ടാം ക്ലാസിലെ അഞ്ച് വിദ്യാർത്ഥികളെയാണ് രക്ഷിതാക്കളുടെയോ കുട്ടികളുടെയോ ക്ലാസ് അദ്ധ്യാപകന്റെയോ പ്രധാനാദ്ധ്യാപകന്റെയോ സമ്മതമില്ലാതെ മലയാളത്തിലേക്ക് മാറ്റിയത്. തൊട്ടടുത്ത് ഹൈസ്കൂളുകളുള്ള ഏച്ചോം, നീർവാരം, തെക്കുംതറ, കരിങ്കുറ്റി എന്നീ പ്രദേശങ്ങളിൽ നിന്ന് ഗോത്രവർഗ കുട്ടികളെ സ്കൂളിൽ ചേർത്ത് തസ്തിക നിലനിർത്താൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഇതിന് മുമ്പും ഇതേ അദ്ധ്യാപകൻ അറബി പഠിക്കുന്ന വിദ്യാർത്ഥികളെ മലയാളത്തിലേക്ക് മാറ്റിയത് വിവാദമായിരുന്നു.