തുള്ളൽ കലാകാരൻ കരുണാകരൻ മാസ്റ്റർക്ക് യാത്രാമൊഴി​ ഇത്തി​രി​ വൈകി​യെങ്കി​ലും ഒത്തി​രി​ ജനകീയൻ

Thursday 19 February 2026 12:12 AM IST
താമരക്കുടി കരുണാകരൻ മാസ്റ്റർ ഓട്ടൻതുള്ളൽ വേദിയിൽ

കൊല്ലം: കാലം തെറ്റിയായി​രുന്നു അരങ്ങേറ്റമെങ്കി​ലും തുള്ളൽ കലയെ പുതുകാലത്തിന് പരിചയപ്പെടുത്തിയ ആളാണ് ഇന്നലെ അന്തരിച്ച താമരക്കുടി കരുണാകരൻ മാസ്റ്റർ.

30-ാം വയസിലാണ് കൊട്ടാരക്കര താമരക്കുടി നിർമ്മല ഭവനിൽ കരുണാകരൻ ആചാരി തുള്ളൽ കലയിൽ അരങ്ങേറ്റം കുറിച്ചത്. അധികം വേഷഭൂഷാദികളില്ലാതെ പഴയൊരു കിരീടം നിറമടിച്ചതണിഞ്ഞ്, ഭസ്മം തേച്ചായിരുന്നു വീട്ടുമുറ്റത്ത് ഓട്ടൻതുള്ളൽ അരങ്ങേറ്റം. കാണാൻ ബന്ധുക്കളും അയൽക്കാരും മാത്രം. താമരക്കുടി ശിവവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകന് വിവാഹശേഷമുണ്ടായ 'തുള്ളൽ ഭ്രമം' പലർക്കും ദഹിച്ചില്ല. എന്നാൽ പിന്നെ ഓട്ടൻ തുള്ളൽ എന്ന കലയെ കരുണാകരൻ മാസ്റ്റർ തന്റേതുകൂടിയാക്കി മാറ്റുകയായിരുന്നു. അര നൂറ്റാണ്ടുകാലം തുള്ളൽ കലയുമായുള്ള ഉപാസന, അയ്യായിരത്തിലധികം വേദികളിൽ അവതരിപ്പിച്ചു. നൂറുകണക്കിന് ശിഷ്യരുമുണ്ടായി. കലാമണ്ഡലത്തിന്റെ മേൽവിലാസമില്ലാതെ താമരക്കുടി കരുണാകരൻ മാസ്റ്റർ തുള്ളൽ കലയുടെ തലപ്പൊക്കമായി മാറുകയായിരുന്നു.

പഠി​ച്ചത് ജ്യേഷ്ഠനി​ൽ നി​ന്ന്

കരുണാകരന്റെ മൂത്ത സഹോദരൻ കൃഷ്ണനാശാരി കുട്ടിക്കാലം മുതൽ ഓട്ടൻതുള്ളൽ പഠിച്ച കലാകാരനാണ്. വേദികളധികം കിട്ടിയിരുന്നില്ല. മൂന്നാം ക്ളാസിൽ പഠിക്കുമ്പോൾ ജേഷ്ഠനിൽ നിന്നാണ് കരുണാകരൻ തുള്ളലിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. പാട്ടുകൾ പാടാൻ കഴിവുള്ളതിനാൽ തുള്ളൽ പാട്ടുകളും പഠിച്ചു, പാടി. ഹൈസ്കൂൾ പഠനകാലത്ത് പുസ്തകത്തിലെ തുള്ളൽ കൃതിയുമായി ബന്ധപ്പെട്ട പാഠഭാഗമെത്തുമ്പോൾ അദ്ധ്യാപകർ തുള്ളൽ പാട്ട് ചൊല്ലിക്കും. തുള്ളൽ കലാകാരൻ ഗോപാലപിള്ള ആശാനൊപ്പം പിന്നണി പാടാനും പോയിത്തുടങ്ങി. ആശാനൊപ്പമാണ് ആകാശവാണിയിലും ആദ്യ അവസരം ലഭിച്ചത്. നന്നായി ചിത്രം വരയ്ക്കുന്ന കരുണാകരൻ സ്കൂൾ പഠനത്തിന് ശേഷം ചിത്രകല പഠിച്ചു. സ്കൂളിൽ ചിത്രകല അദ്ധ്യാപകനായി ജോലിയിലും പ്രവേശിച്ചു. ഇതിനിടയിൽ എസ്. സരോജിനിക്കുട്ടിയുമായി വിവാഹവും നടന്നു. അപ്പോഴാണ് ഗോപാലന്റെയും ജേഷ്ഠൻ കൃഷ്ണനാശാരിയുടെയും നിർബന്ധത്തിന് വഴങ്ങി തുള്ളൽ കല കാര്യമായി പഠിച്ചത്. ഒരു മാസംകൊണ്ട് കല്യാണ സൗഗന്ധികം കഥ പഠിച്ചു. 30 വയസുള്ളപ്പോൾ ശരീരം വഴങ്ങുമായിരുന്നില്ല, കൃത്യമായ പരിശീലനം, വ്യായാമം, സമർപ്പണ ബോധം ഇതെല്ലാം ഒത്തുവന്നപ്പോൾ ഓട്ടൻതുള്ളൽ പഠിച്ചു. ഗരുഡന്റെയും രുഗ്മിണിയുടെയും ഗർവ് ശ്രീകൃഷ്ണൻ ശമിപ്പിക്കുന്ന 'ഗരുഡ ഗർവ ഭംഗം' കൂടി പഠിച്ച ശേഷമായിരുന്നു അരങ്ങേറ്റം