സിനിമയു‌ടെ മാസ്റ്റർപ്രിന്റ് കടത്തിയ കേസിൽ സംവിധായകൻ ഷംസു സെയ്ബ അറസ്റ്റിൽ

Thursday 19 February 2026 12:51 AM IST
ഷംസു സെയ്ബ

കൊച്ചി: നിർമ്മാതാവിന്റെ അനുമതിയില്ലാതെ സിനിമയുടെ മാസ്റ്റർപ്രിന്റ് കൈവശപ്പെടുത്തുകയും ചിത്രീകരണം വൈകിപ്പിച്ച് കോടികളുടെ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തെന്ന കേസിൽ സംവിധായകൻ അറസ്റ്റിൽ. 2025 ൽ പ്രദർശനത്തിന് എത്തിയ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ മലപ്പുറം സ്വദേശി ഷംസു സെയ്ബ എന്ന ഷംസുദ്ദീനെയാണ് (32) ഹിൽപാലസ് പൊലീസ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്.

സഹസംവിധായകൻ, എഡിറ്റർ, കളറിസ്റ്റ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരുമായി ചേർന്ന് സിനിമയുടെ മാസ്റ്റർപ്രിന്റ് അടങ്ങുന്ന ഹാ‌‌ർഡ് ഡിസ്കുകൾ സംവിധായകൻ കടത്തിക്കൊണ്ട് പോയതായി നിർമാതാവായ ആൻസരിഗ ആന്റണി നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഇന്നലെ ഹിൽപാലസ് പൊലീസ് താമസ സ്ഥലത്ത് എത്തിയപ്പോൾ വാതിൽ തുറക്കാൻ സംവിധായകൻ തയ്യാറായില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ വാതിൽ പൊളിച്ച് കയറിയാണ് കസ്റ്റഡിയിലെടുത്തത്. ഷംസു സെയ്ബയുമായി വൈറ്റിലയിലെ വർക്ക്ഷോപ്പിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കലുണ്ടായിരുന്ന നിർമ്മാതാവിന്റെ കാറും ലാപ്ടോപ്പും കണ്ടെടുത്തു. ചിത്രീകരണം കഴിഞ്ഞിട്ടും തിരിച്ചു നൽകാതെ ഇവ കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു. മാസ്റ്റർപ്രിന്റ് കണ്ടെടുക്കാനായിട്ടില്ല.

സെക്കൻഡ് ഷോ പ്രൊഡക്ഷന്റെ ബാനറിൽ 2023 ഒക്ടോബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. സൈജു കുറുപ്പും തൻവി റാമുമായിരുന്നു പ്രധാനകഥാപാത്രങ്ങൾ. ചിത്രീകരണത്തിന് മുന്നോടിയായി നിർമാതാക്കളുമായി ഒപ്പിട്ട കരാറിൽ 2.25 കോടി രൂപയ്ക്ക് പടം പൂർത്തീകരിക്കാമെന്ന് ഷംസു സെയ്ബ ഉറപ്പു നൽകിയതായി പരാതിയിൽ പറയുന്നു. എന്നാൽ അനാവശ്യമായി ചിത്രീകരണം നീട്ടിയതു വഴി 3.25 കോടി രൂപ നിർമ്മാതാവിന് ചെലവായി.

ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലിക്കായി സ്റ്റുഡിയോയ്ക്ക് കൈമാറിയപ്പോഴാണ് മാസ്റ്റർപ്രിന്റിൽ തിരിമറി നടന്നത്. നിർമ്മാതാവിന്റെ അനുമതിയില്ലാതെ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചിത്രം പ്രദർശനത്തിന് എത്തിയതായും ആരോപണം ഉയർന്നിരുന്നു. നിർമ്മാണ കമ്പനിക്ക് 97 ലക്ഷത്തിന്റെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവും 2 കോടിയുടെ വ്യാപാര നഷ്ടവും ഉൾപ്പെടെ 4 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആൻസരിഗ ആന്റണിയുടെ പരാതി. സ്റ്റുഡിയോ കളറിസ്റ്റ് മുഹമ്മദ് ബിലാൽ, സഹ സംവിധായകൻ മുഹമ്മദ് സൽമാൻ, എഡിറ്റർ ബിലാൽ റഷീദ്, ക്യാമറാമാൻ നിമാൽ നസീർ എന്നിവരാണ് കേസിലെ രണ്ട് മുതൽ അഞ്ചുവരെ പ്രതികൾ. ഇവർ അറസ്റ്റിലായിട്ടില്ല.