ജൽജീവൻ മിഷൻ; നൽകിയത് 3.69 ലക്ഷം കുടിവെള്ള കണക്ഷൻ

Thursday 19 February 2026 1:34 AM IST

മലപ്പുറം: എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ നൽകിയത് 3.69 ലക്ഷം കുടിവെള്ള കണക്ഷൻ. ഇനി 4.27 ലക്ഷം വീടുകളിലാണ് കണക്ഷൻ നൽകാനുള്ളത്. ജില്ലയിൽ ജൽജീവൻ മിഷൻ ആരംഭിക്കുന്നതിന് മുമ്പ് 1.43 ലക്ഷം കുടിവെള്ള കണക്ഷനാണ് ഉണ്ടായിരുന്നത്. ജില്ലയിലെ ആകെ ഗ്രാമീണ വീടുകളുടെ എണ്ണം 7.97 ലക്ഷമാണ്. 6.52 ലക്ഷം കണക്ഷനുകൾക്കാണ് ജില്ലയിൽ ഭരണാനുമതി നൽകിയത്. സംസ്ഥാനത്ത് ഇതേവരെ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയത് 38.84 ലക്ഷം കുടിവെള്ള കണക്ഷനുകളാണ്. പൈപ്പ് ലൈനുകൾ, ടാങ്കുകൾ, ശുദ്ധീകരണ ശാലകൾ എന്നിവയുടെ ജോലികളും നടക്കുന്നുണ്ട്. 44,714 കോടിയാണ് ജലജീവൻ മിഷന്റെ സംസ്ഥാനത്തെ മൊത്തം ചെലവ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായാണ് തുക വഹിക്കേണ്ടത്‌. പദ്ധതി പൂർത്തിയാവുമ്പോൾ ജില്ലയിലെ ആകെ ജല ശുദ്ധീകരണ ശാലകൾ 47 ആവുമെന്നും 7,470 ലക്ഷം ലിറ്റർ പ്രതിദിനം ശുദ്ധീകരിക്കാനും സാധിക്കുമെന്നുമാണ് ജില്ലാ അധികൃതർ പറയുന്നത്. ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം ജില്ലയിൽ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിയ പഞ്ചായത്തുകൾ മുതുവല്ലൂർ, ഏലംകുളം എന്നിവയാണ്.

അതേസമയം. നഗരങ്ങളിൽ കുടിവെള്ളം എത്തിക്കുക ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച അമൃത് പദ്ധതിയ്ക്കായി 180 കോടി രൂപയാണ് ജില്ലയിൽ വിഭാവനം ചെയ്തിട്ടുള്ളത്. കരാറുകാർക്ക് കൃത്യമായി പണം ലഭിക്കാത്തതിനാൽ പലയിടത്തും കരാറുകാർ ജോലി ഉപേക്ഷിച്ച് പോയിട്ടുണ്ട്.

ആകെ കുടിവെള്ള കണക്ഷൻ - 3.69 ലക്ഷം

ലഭിക്കാനുള്ള വീടുകൾ - 4.27 ലക്ഷം ജില്ലയിലെ ആകെ ഗ്രാമീണ വീടുകൾ- 7.97 ലക്ഷം